| Thursday, 12th January 2023, 5:58 pm

ജനസംഖ്യ ആറ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പുതിയ പ്രസവാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ആറ് പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നതിനെ തുടര്‍ന്ന് ജനസംഖ്യ നിയന്ത്രണങ്ങളില്‍ ഇളവുകളും പുതിയ പ്രസവ ആനുകൂല്യങ്ങളുമായി ചൈന.

ജനസംഖ്യാ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് പുറമെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് പ്രസവ ക്യാഷ് ഇന്‍സെന്റീവ് നല്‍കാനും രാജ്യത്തെ വിവിധ നഗരങ്ങള്‍ പദ്ധതി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ ഇന്‍സെന്റീവ് പദ്ധതി.

ഷെന്‍ഷെന്‍ (Shenzhen) നഗരത്തിലെ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട ഒരു രേഖ പ്രകാരം, മൂന്നാമതായോ അതിന് ശേഷമോ കുട്ടി ജനിക്കുകയാണെങ്കില്‍, ആ ദമ്പതികള്‍ക്ക് 19,000 യുവാന്‍ (2,28,690 രൂപ) ക്യാഷ് അലവന്‍സിന് അര്‍ഹതയുണ്ട്. കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നതുവരെ ഇത്തരത്തില്‍ ആനുകൂല്യം ലഭിക്കും.

ആദ്യത്തെയും രണ്ടാമത്തെയും കുട്ടിക്ക് യഥാക്രമം 7,500 യുവാന്‍ (90,610 രൂപ), 11,000 യുവാന്‍ (1,32,890 രൂപ) എന്നിങ്ങനെയാണ് ക്യാഷ് ഇന്‍സെന്റീവ് എന്നും ചൊവ്വാഴ്ച പുറത്തുവിട്ട ഡോക്യുമെന്റില്‍ പറയുന്നുണ്ട്. ഇതിന്മേല്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.

സമാനമായ രീതിയില്‍, കിഴക്കന്‍ ഷാന്‍ഡോങ് പ്രവിശ്യയുടെ (Shandong) തലസ്ഥാന നഗരമായ ജിനാനിലും (Jinan) ഈ വര്‍ഷം രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടിക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ നല്‍കുമെന്ന് ചൊവ്വാഴ്ച പ്രാദേശിക ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

600 യുവാന്‍ (7250 രൂപ) ആയിരിക്കും ഇത്തരത്തില്‍ ശിശു സംരക്ഷണ സബ്സിഡിയായി (childcare subsidy) കുട്ടിക്ക് മൂന്ന് മാസം പ്രായമെത്തുന്നത് വരെ പ്രതിമാസം നല്‍കുക.

ചൈനീസ് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 2022ലെ മൊത്തം ജനനങ്ങളുടെ ഔദ്യോഗിക ഡാറ്റയില്‍ മിക്കവാറും ഒരു കോടിയുടെ റെക്കോര്‍ഡ് ഇടിവ് ഉണ്ടാകുമെന്നാണ് സ്വതന്ത്ര ജനസംഖ്യാശാസ്ത്രജ്ഞനായ (demographer) ഹെ യാഫു (He Yafu) പറയുന്നത്.

2021ല്‍ ഒരു കോടിയിലധികം (10.6 ദശലക്ഷം) കുട്ടികളായിരുന്നു ചൈനയില്‍ ജനിച്ചത്. ഇത് 1949ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്കായിരുന്നു ഇത്.

ജനസംഖ്യയില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന രാജ്യമാണ് ചൈന. ജനസംഖ്യ അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഒരു ഘട്ടത്തില്‍ ‘ഒറ്റക്കുട്ടി നയം’ ഉള്‍പ്പെടെയുള്ള ജനസംഖ്യാ നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നത്. എന്നാല്‍ പിന്നീട് ഇതില്‍ ഇളവുകള്‍ കൊണ്ടുവരികയായിരുന്നു.

2016 ജനുവരിയില്‍ വണ്‍ ചൈല്‍ഡ് പോളിസിയില്‍ ഇളവ് വരുത്തിയതിന് പിന്നാലെ 2021 മേയില്‍ ‘ത്രീ ചൈല്‍ഡ് പോളിസി’ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ജനസംഖ്യ കുറഞ്ഞുവരുന്നത് തടയാനായിരുന്നു ഈ നീക്കം.

Content Highlight: China unveiling new childbirth cash incentives as the country’s population decreases for the first time in more than six decades

Latest Stories

We use cookies to give you the best possible experience. Learn more