| Tuesday, 30th April 2019, 7:44 pm

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ തയാറായി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ തയാറായി ചൈന. ഈ പ്രശ്നം ‘കൃത്യമായി പരിഹരിക്കു’മെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചൈന മുൻ നിലപാടിൽ മാറ്റം വരുത്തുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ബുധനാഴ്ചയാണ്‌ യു.എൻ. തീരുമാനമെടുക്കുക.

മുൻപ് നാലുതവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യു.എൻ. സുരക്ഷാ കൗൺസിലിലുള്ള തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുൽവാമയിലെ ആക്രമണത്തിനു ശേഷമാണ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ സുരക്ഷാ കൗൺസിലിനെ സമീപിക്കുന്നത്.

യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഇന്ത്യയെ നേരത്തെ തന്നെ പിന്തുണച്ചിരുന്നു. മാർച്ച് 13ന് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നുള്ള പ്രമേയം യു.എന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണലുണ്ടെന്ന് കാട്ടിയാണ് ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിയത്.

പുൽവാമയിലെ 44 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ചാവേറായ ആദില്‍ അഹമ്മദ് എന്നയാളാണ് ആക്രമണം നടത്തിയത്.

1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഫെബ്രുവരി 14ന് പുൽവാമയിൽ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Video Stories

We use cookies to give you the best possible experience. Learn more