|

വെള്ളിയാഴ്ചകളില്‍ നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിച്ചെന്ന് ഉയിഗര്‍ വനിത; മുസ്‌ലിം പ്രദേശങ്ങള്‍ പന്നി വളര്‍ത്തല്‍ കേന്ദ്രമാക്കാനൊരുങ്ങി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിംഗ്: മതന്യൂനപക്ഷമായ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈന കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഉയിഗര്‍ മുസ്‌ലിങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പന്നി ഫാമുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ചൈന സ്വീകരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ റിപ്പോര്‍ട്ടുകളുടെയും സര്‍ക്കാര്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് അല്‍ ജസീറ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മതനിരപേക്ഷവത്കരണം’ എന്ന പേരില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കാര്‍ഷിക മേഖലയിലെ വികസനങ്ങളെന്ന് ഉയിഗര്‍ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ജര്‍മന്‍ നരവംശ ശാസ്ത്രജ്ഞന്‍ അഡ്രിയന്‍ സെന്‍സ് ചൂണ്ടിക്കാണിക്കുന്നു. വിവിധ സര്‍ക്കാര്‍ രേഖകളിലും സര്‍ക്കാര്‍ അംഗീകരിച്ച മാധ്യമ റിപ്പോര്‍ട്ടുകളിലും വരെ പന്നി ഫാം വികസനത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്ന് അഡ്രിയന്‍ പറയുന്നു.

ഉയിഗറുകള്‍ അധിവസിക്കുന്ന സ്വയംഭരണ പ്രദേശമായ ഷിന്‍ജിയാങ്ങിനെ പന്നി വളര്‍ത്തല്‍ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ നടക്കുന്നതിനെ കുറിച്ച് 2019 നവംബറില്‍ ഷിന്‍ജിയാങിലെ ഉന്നത ഉദ്യോഗസ്ഥനായ ഷൊഹ്‌റത് സക്കീര്‍ പറഞ്ഞിരുന്നു. ഇത് ഉയിഗറുകളുടെ ജീവിതരീതികളിലേക്കുള്ള കടന്നുകയറ്റമാണെന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഷിന്‍ജിയാങ്ങിലെ കഷ്ഗര്‍ പ്രദേശത്ത് ആരംഭിക്കുന്ന പന്നി ഫാമുകള്‍ വഴി വര്‍ഷത്തില്‍ 40,000 പന്നികളെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നതായി പറയുന്നുണ്ടെന്ന് അഡ്രിയാന്‍ പറയുന്നു. പ്രദേശത്ത ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഭൂരിഭാഗവും ഈ പദ്ധതിക്കായി ഉപയോഗിപ്പെടുമെന്ന് ചൈനീസ് വെബ്‌സൈറ്റായ സിന പറയുന്നു.

കഷ്ഗറില്‍ ആവശ്യക്കാര്‍ക്ക് പന്നിമാംസം ലഭ്യമാക്കാനുള്ള പദ്ധതി മാത്രമാണിതെന്നും കയ്യറ്റുമതി ലക്ഷ്യം വെക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 90 ശതമാനവും ഉയിഗര്‍ മുസ്‌ലിങ്ങള്‍ അധിവസിക്കുന്ന ഈ പ്രദേശത്ത് ഇത്തരത്തിലൊരു നീക്കം നടത്തുന്നതിന് പിന്നിലെ ഉദ്ദേശം ഉയിഗര്‍ മുസ്‌ലിങ്ങളെ ഇല്ലാതാക്കലാണെന്നാണ് സാമൂഹ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

‘ഈ പ്രവിശ്യയിലെ ഉയിഗര്‍ മുസ്‌ലിങ്ങളുടെ സംസ്‌കാരവും ജീവിതരീതികളും തുടച്ചുനീക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് ഈ നടപടി. ‘മതനിരപേക്ഷവത്കരണം’ എന്ന പേരില്‍ ഉയിഗര്‍ മുസ്‌ലിങ്ങളെ മതനിരപേക്ഷകരും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണക്കുന്നവരുമാക്കി തീര്‍ക്കാന്‍ ആരംഭിച്ച നടപടികളുടെ ഭാഗമാണിതും.’ അഡ്രിയാന്‍ പറഞ്ഞു.

പത്ത് ലക്ഷത്തിലേറെ ഉയിഗര്‍ മുസ്‌ലിങ്ങളാണ് ചൈനയില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഉയിഗര്‍ മുസ്‌ലിങ്ങളെ പുതിയ കഴിവുകളും തൊഴിലും പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ഈ ക്യാംപുകളെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഈ കേന്ദ്രങ്ങളില്‍ ഉയിഗര്‍ മുസ്‌ലിങ്ങളെ അതിക്രൂരമായ പീഡനത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയമാക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്യാംപുകളില്‍ നിന്നും പുറത്തെത്തിയ പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരുന്നു.

‘ക്യാംപുകളില്‍ പലപ്പോഴും പന്നിമാംസം മാത്രം നല്‍കിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു.  കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. ജീവിച്ചിരിക്കണമെങ്കില്‍ മുന്നില്‍ വരുന്ന ഏത് ഭക്ഷണവും ഏത് മാംസവും കഴിച്ചേ മതിയാകൂ.’ 2018ല്‍ അറസ്റ്റിലായി പിന്നീട് ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഉംറുകി എന്ന യുവതി പറയുന്നു.

ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായ സൈറാഗുല്‍ സൗദ്‌ബെയും ക്യാംപുകളിലെ പന്നിയിറച്ചി കഴിപ്പിക്കലിനെ കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു.എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങളെ നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിച്ചിരുന്നു. മുസ്‌ലിങ്ങള്‍ പരിപാവനമായി കരുതുന്ന വെള്ളിയാഴ്ച തന്നെ അവര്‍ ബോധപൂര്‍വം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമായിരുന്നെന്ന് സെെറാഗുല്‍ വെളിപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: China to start pig farms in Uyighar muslims area Xinjiang