| Tuesday, 16th July 2024, 8:58 am

ചൈനീസ് മധ്യസ്ഥതയിൽ ഹമാസ്-ഫതഹ് അനുരഞ്ജന ചർച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഫലസ്തീനിയൻ ഗ്രൂപ്പുകളായ ഹമാസും ഫതഹും തമ്മിലുള്ള അനുരഞ്ജന ചർച്ചകൾക്ക്  ചൈന ആതിഥേയത്വം വഹിക്കും . ഈ മാസം അവസാനം ബീജിങിൽ രണ്ട് രാഷ്ട്രീയ പാർട്ടികളൂം അനുരഞ്ജന ചർച്ചകൾ നടത്തും. ഹമാസിനും ഫതഹിനുമിടയിൽ ഭിന്നത വളർത്താൻ പരിശ്രമിക്കുന്ന ഇസ്രഈലിന്റെ നീക്കങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ് ഈ നീക്കം.

എതിരാളികളായ ഫലസ്തീൻ വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ചൈന ആതിഥേയത്വം വഹിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പുകളുടെ പ്രതിനിധികൾ ജൂലൈ 20, ജൂലൈ 21 തീയതികളിൽ ചൈനീസ് തലസ്ഥാനത്ത് ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഫതഹിൻ്റെ സെൻട്രൽ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സാബ്രി സെയ്ദം പറഞ്ഞു.

Also Read:ചിത്രം എന്ന സിനിമയിൽ ഞാൻ അദ്ദേഹത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്: ജഗദീഷ്

ഹമാസിൻ്റെ പ്രതിനിധി സംഘത്തെ മൂവ്‌മെൻ്റ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയേ നയിക്കും, ഫതഹ് പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി ഹെഡ് മഹ്മൂദ് അൽ അലൂൽ നയിക്കും. മീറ്റിങ്ങുകൾക്ക് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ആതിഥേയത്വം വഹിക്കും.

2006 ലെ ഫലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് വൻ വിജയം നേടിയത് മുതൽ ഹമാസും ഫതഹും തമ്മിൽ ഭിന്നതയിലായിരുന്നു. ഹമാസ് ഗസയിൽ ഭരണം നടത്തുമ്പോൾ വെസ്റ്റ് ബാങ്കിൽ ഫതഹ് ഓഫീസുകൾ സ്ഥാപിച്ചിരുന്നു.

2014 ഏപ്രിലിൽ തങ്ങളുടെ പരാതികൾ അവസാനിപ്പിച്ച് അനുരഞ്ജനത്തിനായി ഇരു വിഭാഗങ്ങളും സമ്മതിച്ചിരുന്നു. എന്നാൽ ഇത് ഇസ്രഈലിന്റെ കടുത്ത എതിർപ്പിന് കാരണമായി. ഫലസ്തീൻ അതോറിറ്റിയുമായുള്ള സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തി വെച്ചുകൊണ്ടാണ് ടെൽ അവീവ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്.

‘ഹമാസും ഫതഹും തമ്മിൽ ഇപ്പോഴും വലിയ ഭിന്നതയുണ്ട്, പക്ഷേ ഗസയുടെ ഭരണത്തിന് ദേശീയ സമവായം കൈവരിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് വലിയ ദുരന്തത്തിലേക്കാവും പോവുക,’ ഫലസ്തീൻ രാഷ്ട്രീയ ഗവേഷണ ഗ്രൂപ്പായ ഹൊറൈസൺ സെൻ്റർ ഡയറക്ടർ ഇബ്രാഹിം ദലാൽഷ പറഞ്ഞു.

സമീപ വർഷങ്ങളിൽ പശ്ചിമേഷ്യയിൽ തങ്ങളുടെ ബന്ധവും സ്വാധീനവും വിപുലീകരിക്കാൻ ചൈന പ്രവർത്തിച്ചിട്ടുണ്ട്. ഒന്നിലധികം തവണ ചൈന സന്ദർശിച്ചിട്ടുള്ള ഫതഹ് നേതാവ് മഹമൂദ് അബ്ബാസ് ഉൾപ്പെടെ, റാമല്ലയിലെ ഫലസ്തീൻ നേതാക്കളുമായി ബീജിങിന് ദീർഘകാലമായി സൗഹൃദബന്ധമുണ്ട്.

Content Highlight: China to host Fatah, Hamas reconciliation talks

We use cookies to give you the best possible experience. Learn more