| Friday, 16th October 2020, 1:58 pm

ഹോംഗ് കോംഗിലുള്ള നിങ്ങളുടെ പൗരന്മാരെ കുറിച്ച് ചിന്തയുണ്ടെങ്കില്‍ പ്രതിഷേധകാര്‍ക്ക് അഭയം നല്‍കരുത്: കാനഡക്ക് ചൈനയുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ:  ഹോംഗ് കോംഗ് പ്രതിഷേധക്കാര്‍ക്ക് അഭയം നല്‍കുന്ന കാനഡക്കെതിരെ ഭീഷണിയുമായി ചൈനീസ് നയതന്ത്രഞ്ജന്‍. കാനഡയുടെ നടപടി ഹോംഗ് കോംഗിലുള്ള കനേഡിയന്‍ പൗരന്മാരുടെ ‘ആരോഗ്യത്തെയും സുരക്ഷയെയും’ ബാധിക്കുമെന്നും ചൈനീസ് അംബാസിഡര്‍
കോംഗ് പ്യവു പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഹോംഗ് കോംഗില്‍ ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ദമ്പതികളെ കാനഡ അഭയാര്‍ത്ഥികളായി സ്വീകരിച്ചതിന് പിന്നാലെയാണ് കോംഗിന്റെ പ്രസ്താവന.

കാനഡയുടെ നീക്കം ഹോംഗ് കോംഗ് പൗരന്മാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഹോംഗ് കോംഗില്‍ നിന്നും നിരവധി പേര്‍ കാനഡയില്‍ അഭയം തേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് ചൈനക്ക് നീരസമുണ്ടാക്കിയത്.

‘ഹോംഗ് കോംഗിലെ അക്രമികളായ ക്രിമിനലുകള്‍ക്ക് കാനഡ ‘രാഷ്ട്രീയ അഭയം’ നല്‍കരുത്. കാരണം അങ്ങനെ ചെയ്താല്‍ അത് ചൈനയുടെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇടപെടലാകും. മാത്രമല്ല അത് ഈ ക്രിമനലുകള്‍ക്ക് കൂടുതല്‍ ശക്തി പകരും.

ഹോംഗ് കോംഗിന്റെ സ്ഥിരതയും അഭിവൃദ്ധിയുമാണ് കാനഡ ശരിക്കും ആഗ്രഹിക്കുന്നതെങ്കില്‍, അവിടെയുള്ള കാനഡ പാസ്‌പോര്‍ട്ട് കൈവശമുള്ള 300,000 പേരുടെ ആരോഗ്യവും സുരക്ഷയുമാണ് വിഷയമെങ്കില്‍, ഹോംഗ് കോംഗില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കനേഡിയന്‍ കമ്പനികളെക്കുറിച്ച് ആലോചിക്കുന്നുവെങ്കില്‍ അക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങളെയാണ് പിന്തുണക്കേണ്ടത്.’ കോംഗ് പറഞ്ഞു.

ഇതൊരു ഭീഷണിയാണോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് അത് നിങ്ങളുടെ വ്യാഖ്യാനമാണെന്നായിരുന്നു കോംഗിന്റെ മറുപടി. ചൈനീസ് പ്രതിനിധിയുടെ ഭീഷണി പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

കോംഗിന്റെ പ്രസ്താവന അസ്വീകാര്യവും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്നാണ് കാനഡയുടെ വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് -ഫിലിപ്പി ഷാംപെയ്ന്‍ പ്രതികരിച്ചത്.

കാനഡ മനുഷ്യാവകാശത്തിനും കനേഡിയന്‍ പൗരന്മാരുടെ അവകാശത്തിനുമായി എന്നെന്നും നിലകൊള്ളുമെന്ന് ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി ബോധ്യപ്പെടുത്തുമെന്ന് ഫ്രാങ്കോയിസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: China threatens Canada for giving political asylum to Hong Kong protesters

We use cookies to give you the best possible experience. Learn more