ഒരാള്‍ക്ക് കൊവിഡ്; പരിശോധന നടത്തുന്നത് 47 ലക്ഷം പേരില്‍; കൊവിഡിനെ ഇനി അടുപ്പിക്കില്ലെന്നുറപ്പിച്ച് ചൈന
World News
ഒരാള്‍ക്ക് കൊവിഡ്; പരിശോധന നടത്തുന്നത് 47 ലക്ഷം പേരില്‍; കൊവിഡിനെ ഇനി അടുപ്പിക്കില്ലെന്നുറപ്പിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 12:29 pm

ബീജിങ്: കൊവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു പടി പോലും പിന്നോട്ട് പോവാതെ ചൈന. രാജ്യത്തെ സിന്‍ജിയാങ് പ്രവിശ്യയിലെ ഒരു നഗരത്തില്‍ 47 ലക്ഷം പേരിലാണ് കൊവിഡ് പരിശോധന നടത്താന്‍ പോവുന്നത്. നിലവില്‍ 28 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞു.

അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള 19 ലക്ഷം പേര്‍ക്ക് പരിശോധന നടത്തുമെന്നാണ് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. കഷ്ഗര്‍ എന്ന നഗരത്തിലെ നിവാസികളിലാണ് പരിശോധന നടത്തിയത്.

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സ്ത്രീക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചൈനീസ് മധ്യപ്രദേശത്ത് പത്ത് ദിവസത്തിനുള്ളില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക കേസാണിത്. തുടര്‍ന്നാണ് ഇത്രയധികം പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

നഗരത്തില്‍ ഇതുവരെയുള്ള പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാതെ 137 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷങ്ങളില്ലാത്ത കൊവിഡ് കേസുകള്‍ നിലവില്‍ ചൈനയുടെ ഔദ്യോഗിക കൊവിഡ് കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നില്ല.

കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും വന്‍ ടെസ്റ്റിംഗ് നടത്തുക എന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നയം. ചൈനയില്‍ പുതുതായി നൂറോളം കൊവിഡ് ടെസ്റ്റിംഗ് സെന്ററുകള്‍ തുറന്നിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യവാരം ചൈനീസ് നഗരമായ ഖിന്‍ഡോവ് നഗരത്തിലെ ആകെ ജനസംഖ്യയായ 90 ലക്ഷം പേരിലും ടെസ്റ്റ് നടത്തിയിരുന്നു. മെയ് മാസത്തില്‍ വുഹാന്‍ നഗരത്തിലെ ഒരു കോടി ജനങ്ങളിലാണ് കൊവിഡ് പരിശോധന നടന്നത്. പത്തു ദിവസം കൊണ്ടാണ് ഇത്രയധികം ടെസ്റ്റുകള്‍ നടത്തിയത്.

Content Highlight: China test entire city in kashgar in xinjiang