ചൈനീസ് സര്‍ക്കാറിലെ മുന്‍ വൈസ് പ്രിമിയര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി ടെന്നീസ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം
me too
ചൈനീസ് സര്‍ക്കാറിലെ മുന്‍ വൈസ് പ്രിമിയര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി ടെന്നീസ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd November 2021, 10:05 pm

ബീജിങ്: ചൈനീസ് സര്‍ക്കാറിലെ മുന്‍ വൈസ് പ്രിമിയറും മുന്‍ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗവുമായ ഴാങ് ഗഓലിക്കെതിരെ മീ ടൂ ആരോപണമുന്നയിച്ച് ടെന്നീസിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ചൈനയിലെ ഏറ്റവും വലിയ കായിക താരങ്ങളിലൊരാളുമായ പെങ് ഷ്വായ്.

ചൈനീസ് സര്‍ക്കാറില്‍ ഏറ്റവും ഉന്നത സ്ഥാനങ്ങളിലിരുന്നിട്ടുള്ള ഴാങ് തന്നെ മുന്‍പ് ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു എന്നാണ് പെങ് ആരോപിച്ചത്. എന്നാല്‍ തന്റെ ആരോപണത്തിന് ഇപ്പോള്‍ തെളിവൊന്നും നല്‍കാനില്ലെന്നും പെങ് വ്യക്തമാക്കിയിരുന്നു.

ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയില്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് അരമണിക്കൂറിനകം തന്നെ ഡിലീറ്റ് ചെയ്തു. എങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ചൈന.

പോസ്റ്റിട്ട തുടക്ക സമയങ്ങളില്‍ ഇതു വലിയ ചര്‍ച്ചയായെങ്കിലും പിന്നീട് ഇതിന്മേലുള്ള ചര്‍ച്ചകളും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ്.

75കാരനായ ഴാങ് 2013 മുതല്‍ 2018 വരെ വൈസ് പ്രിമിയര്‍ ആയി സ്ഥാനമനുഷ്ടിച്ചിട്ടുള്ളയാളാണ്. ചൈനയിലെ ഒരു വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012 മുതല്‍ 2017 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലും അംഗമായിരുന്നു.

2014ല്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന പെങ് ഈ നേട്ടത്തില്‍ എത്തിയ ആദ്യ ചൈനീസ് താരം കൂടിയായിരുന്നു. 2013ല്‍ വിംബിള്‍ഡണും 2014ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: China tennis star Peng says ex-vice premier forced her into sex