ബെയ്ജിങ്: പേരുമാറ്റം പോലുള്ള കാര്യങ്ങളില്‍ സമയം കളയാതെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യയോട് ചൈന. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ഗ്ലോബല്‍ ടൈംസാണ് ഒരു ലേഖനത്തില്‍ ഇതുസബന്ധിച്ച വിമര്‍ശനം ഉന്നയിക്കുന്നത്. ചൈനീസ് കമ്പനികള്‍ക്കെതിരായ ഇന്ത്യയുടെ ഉപരോധത്തെക്കുറിച്ചും ഗ്ലോബല്‍ ടൈംസ് വിമര്‍ശിക്കുന്നു. ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് ചൈനയുടെ വിമര്‍ശനം.
‘ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.
ഈ പാതയില്‍ തുടരാന്‍ രാജ്യം തയ്യാറാണോ. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സമഗ്രമായി പരിഷ്‌കരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനം. വിപ്ലവകരമായ പരിഷ്‌കരണമില്ലാതെ ഇന്ത്യക്ക് വികസനം കൈവരിക്കാനാവില്ല.
ഇന്ത്യന്‍ ജനതക്ക് അവരുടെ രാജ്യത്തെ എന്ത് വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഒരു പേരല്‍ അത്ര പ്രധാനം ഇല്ല,’ ഗ്ലോബല്‍ ടൈംസിന്റെ ലേഖനത്തില്‍ പറയുന്നു.
അതേസമയം, ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പങ്കെടുക്കില്ലെന്നു കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു.
പകരം ചൈനീസ് പ്രതിനിധി സംഘമാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞയാഴ്ച അരുണാചല്‍പ്രദേശ് ചൈനയില്‍ ഉള്‍പ്പെടുത്തി ഭൂപടം ഇറക്കിയതടക്കമുള്ള വിഷയത്തിലടക്കം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് സന്ദര്‍ശനം റദ്ദാക്കിയിരുന്നത്.
ഉക്രൈയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര അറസ്റ്റ് വാറന്റ് ഉള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ജി20 യോഗത്തില്‍ പങ്കെടുക്കുന്നില്ല.
ജി20 ഉച്ചകോടിക്ക് നാളെയാണ് തുടക്കമാകുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഉച്ചയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കും മറ്റ് നേതാക്കളും എത്തിയേക്കും.
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ്, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരും യോഗത്തിനെത്തും.