| Friday, 23rd February 2024, 1:19 pm

ഇസ്രഈൽ ഫലസ്തീനിൽ നുഴഞ്ഞുകയറിയ വിദേശികൾ; സ്വയം പ്രതിരോധത്തിനുള്ള അവകാശം ഫലസ്തീനികൾക്ക്: ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഫലസ്തീനികൾക്ക് നീതി നിഷേധിക്കരുതെന്ന ആവശ്യവുമായി ചൈന. ഫലസ്തീനിലെ ഇസ്രഈലി അധിനിവേശവുമായി ബന്ധപ്പെട്ട വിചാരണക്കിടയിലാണ് ചൈനയുടെ പ്രസ്താവന.

‘നീതി വളരെകാലമായി വൈകുകയാണ്. പക്ഷേ അത് നിഷേധിക്കരുത്,’ ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമപദേശകൻ മാ ഷിൻമിൻ കോടതിയിൽ പറഞ്ഞു.

ഫലസ്തീനിൽ ഇസ്രഈൽ അധിനിവേശം ആരംഭിച്ചിട്ട് 57 വർഷം കടന്നുപോയെന്നും പ്രദേശത്തെ നിയമവിരുദ്ധമായ ഇസ്രഈലി അധിനിവേശവും പരമാധികാരവും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും ഷിൻമിൻ ചൂണ്ടിക്കാട്ടി.

സുരക്ഷാ വാഗ്ദാനമില്ലാതെ നിരുപാധികം പ്രദേശത്ത് നിന്ന് പിൻ വാങ്ങുവാൻ ഇസ്രഈലിനോട് ഉത്തരവിടരുതെന്ന യു.എസിന്റെ വാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ചൈനയെന്ന് അൽ ജസീറയുടെ സ്റ്റെപ്പ് വേസൻ റിപ്പോർട്ട് ചെയ്തു.

ഇസ്രഈലിനും ഫലസ്തീനുമിടയിലുള്ള ഉഭയകക്ഷി പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര നീതിന്യായ കോടതിയും ഇടപെടരുതെന്ന യു.എസിന്റെ വാദത്തിനെതിരെ പലസ്തീനി ജനതയുടെ സ്വയം നിർണയത്തിനെക്കുറിച്ച് സംസാരിക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക് അധികാരമുണ്ടെന്ന് ചൈന മറുപടി നൽകി.

ഫലസ്തീനിൽ നുഴഞ്ഞുകയറിയ ഒരു വിദേശ രാഷ്ട്രമാണ് ഇസ്രഈലെന്നും ഇസ്രഈലികളെക്കാൾ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഫലസ്തീനികൾക്കാണെന്നും ചൈന അന്താരാഷ്ട്ര കോടതിയിൽ വാദിച്ചു.

അയർലൻഡ്, ജപ്പാൻ, ജോർദാൻ തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രതിനിധികളും അന്താരാഷ്ട്ര നീതിയായ കോടതിയിൽ ഹാജരായിരുന്നു.

Content Highlight: China tells ICJ justice ‘must not be denied’ to Palestinians

We use cookies to give you the best possible experience. Learn more