| Tuesday, 4th April 2023, 8:26 pm

'ചൈന റഷ്യയെ പിന്തുണക്കുന്നത് ശരിയായ നടപടിയല്ല'; വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ഉക്രെയ്‌നില്‍ സമാധാനം പുന:സ്ഥാപിക്കുന്നതില്‍ സഹകരിക്കാന്‍ ചൈനക്ക് ധാര്‍മികമായ ഉത്തരവാദിത്വമുണ്ടെന്നും അവര്‍ റഷ്യയെ പിന്തുണക്കരുതെന്നും ആവശ്യപ്പട്ട് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ വകുപ്പ് അധ്യക്ഷന്‍ ജോസഫ് ബോറെല്‍ രംഗത്ത് വന്നു. അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി ബ്രസല്‍സില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ബോറെലിന്റെ അഭിപ്രായ പ്രകടനം.

‘അധിനിവേശം നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയായ നടപടിയല്ല. ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗമെന്ന നിലയില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. മേഖലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സഹകരിക്കാന്‍ ചൈനക്ക് ധാര്‍മികമായ ഉത്തരവാദിത്വമുണ്ട്,’ ബോറെല്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്റെ ചൈന സന്ദര്‍ശനത്തിന് തൊട്ടു മുമ്പാണ് ബോറെലിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പമാണ് ഉര്‍സുല ചൈന സന്ദര്‍ശിക്കുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. യുദ്ധാവശ്യങ്ങള്‍ക്കായി ചൈന റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ഉക്രെയ്ന്‍ യുദ്ധത്തിന് പുറമേ കാലാവസ്ഥാ വ്യതിയാനം, വാണിജ്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആണവായുധ ഭീഷണിയെക്കുറിച്ചുള്ള ആശങ്കകളും ചര്‍ച്ചയാകും.  സന്ദര്‍ശനത്തിന് മുന്നോടിയായി ഉര്‍സുല ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

റഷ്യക്ക് സൈനിക സഹായം നല്‍കുന്നതില്‍ നിന്ന് ചൈന പിന്മാറണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായി ആയുധ കൈമാറ്റത്തിലേര്‍പ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ ചൈന തയ്യാറാവേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഉക്രെയ്ന്‍-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായമാണ് ആവശ്യമെന്നാണ് ചൈന നേരത്തെ പറഞ്ഞിരുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരമായി പ്രശ്നത്തെ പരിഹരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രണ്ട് ഭാഗത്ത് നിന്നുമുള്ള കൂട്ടായ ശ്രമം ഇതിന് പിന്നിലുണ്ടാവണമെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ പ്രതിനിധി മാവോ നിങ് അഭിപ്രായപ്പെട്ടത്.

Content Highlights: China supporting Russia is not the right thing to do:EU

We use cookies to give you the best possible experience. Learn more