ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് അധിനിവേശം; സ്വയം പ്രതിരോധമല്ലെന്ന് ചൈന
World News
ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് അധിനിവേശം; സ്വയം പ്രതിരോധമല്ലെന്ന് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2023, 6:04 pm

ബെയ്ജിങ്: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ഇടപെടല്‍ വര്‍ധിപ്പിക്കാനായി ഉച്ചകോടി സംഘടിപ്പിച്ച് ചൈന. അറബ്, മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ നയതന്ത്രജ്ഞരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഉച്ചകോടിയില്‍ ഇന്തോനേഷ്യ, ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും ഗസയില്‍ ഇസ്രാഈലിന്റെ അധിനിവേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

ചരിത്രപരമായി ഫലസ്തീനികളോട് ചൈന അനുഭാവം പുലര്‍ത്തിയിരുന്നെന്നും ഗസയില്‍ മാനുഷിക ദുരന്തമാണ് അരങ്ങേറുന്നതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്നത് വലിയ മാനുഷിക കുറ്റമാണെന്ന് തന്റെ രാജ്യത്തിന് മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗസയിലെ സ്ഥിതിഗതികള്‍ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുവെന്നും ശരിയും തെറ്റും സംബന്ധിച്ച വിഷയങ്ങള്‍ മനുഷ്യബോധത്തെയും മാനവികതയുടെ അടിത്തട്ടിനെയും ചോദ്യം ചെയ്യുന്നുവെന്നും വാങ് യി പറഞ്ഞു. യുദ്ധം വ്യാപിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടലുകള്‍ നടത്താന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസ് പ്രത്യാക്രമണം നടത്തിയതിന് ശേഷമുള്ള ഇസ്രഈലിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വയം പ്രതിരോധത്തിനപ്പുറമാണെന്ന് വാങ് യി ഫോണ്‍ സംഭാഷണത്തിലൂടെ സൗദി സഹമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിനോട് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ചരിത്ര ഭൂമിയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് ഇസ്രഈല്‍ സൈന്യം ശ്രമിക്കുന്നതെന്ന് ഫലസ്തീന്‍ അതോറിറ്റി വക്താവ് അല്‍ മാലിക്കി പരാമര്‍ശിച്ചു.

ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നത് ആ മേഖലയിലെയും ലോകത്തിന്റെയും സമാധാനത്തിനും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുമെന്ന് ഈജിപ്ത് വക്താവ് ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി.

റഫാ ക്രോസിങ്ങിലൂടെ ഗസ മുനമ്പിലേക്ക് സഹായം എത്തിക്കാന്‍ ഈജിപ്ത് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈജിപ്ത് വക്താവ് പറഞ്ഞു. എന്നാല്‍ പ്രവേശനം തടസപ്പെടുത്തുന്ന ഇസ്രഈലിന്റെ നടപടികള്‍ പലസ്തീനികളെ കൂടുതലായി രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: China summit to restore peace in West Asia