ബീജിങ്: ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ “ടിയാന്‍ഗോങ്-1” ഉടന്‍ ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പുമായി ജ്യോതിശാസ്ത്രജ്ഞര്‍. എന്നാല്‍ നിലയം എവിടെയാണ് പതിക്കുക എന്ന കാര്യം പ്രവചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിലയം പ്രവേശിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
2016-ലാണ് ചൈനയ്ക്ക് നിലയത്തിനു മേലുള്ള നിയന്ത്രണം നഷ്ടമായത്. അന്ന് ഇക്കാര്യം ചൈന സമ്മതിച്ചിരുന്നു. നിലയത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിക്കുമെന്ന് അമേരിക്കയുടെ എയ്‌റോസ്‌പെയ്‌സ് കോര്‍പ്പറേഷന്‍ അന്നു തന്നെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
അന്തരീക്ഷത്തില്‍ കടക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം കൊണ്ട് “ടിയാന്‍ഗോങ്-1” നിലയത്തിന്റെ ഭൂരിഭാഗവും കത്തി നശിക്കുമെങ്കിലും 100 കിലോഗ്രാമോളം ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ഏപ്രില്‍ ആദ്യത്തോടെയാണ് നിലയം ഭൗമാന്തരരീക്ഷത്തില്‍ പ്രവേശിക്കും എന്നാണ് എയ്‌റോസ്‌പെയ്‌സ് പറയുന്നത്. എന്നാല്‍ മാര്‍ച്ച് 24-നും ഏപ്രില്‍ 19-നും ഇടയില്‍ നിലയം ഭൂമിയില്‍ പതിക്കുമെന്നാണ് യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ പ്രവചനം.
വിഷലിപ്തവും ദ്രവീകരണശേഷി ഉള്ളതുമായ അപകടകരമായ ഇന്ധനമാണ് ബഹിരാകാശ നിലയത്തില്‍ ഉള്ളത്. നിലയം പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഉണ്ടെന്ന യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളും നിലയം പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.