ബെയ്‌ജിങ്: ചാന്ദ്രോപരിതലത്തിൽ വെച്ച് ആദ്യമായി വിത്ത് മുളപ്പിച്ച് ചൈനീസ് ബഹിരാകാശ ഏജൻസി. ചൈനയുടെ ബഹിരാകാശ ഏജൻസിയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്‌ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ൽ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകൾ മുളപൊട്ടിയത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്. “ജയന്റ് ലീഫ് ഫോർ മാൻകൈൻഡ്” എന്നാണു ഈ സംഭവത്തെ ഗാർഡിയൻ പത്രം വിശേഷിപ്പിക്കുന്നത്. ഭൂമിക്ക് എതിരായി നിൽക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിൽ നിലയുറപ്പിക്കുന്ന ആദ്യത്തെ പേടകമാണ് ചൈനയുടെ ചാങ് 4. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനിൽ എത്തുന്നത്.
സീൽ ചെയ്ത പാത്രത്തിൽ അടച്ച നിലയിലാണ് പരുത്തി വിത്തുകൾ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകൾ, ചെറു ഈച്ചകളുടെ മുട്ടകൾ, മണ്ണ്, യീസ്റ്റ് എന്നിവയും ഈ പാത്രത്തിനുള്ളിൽ ഉണ്ടായിരുന്നു. ഈ വിധം അടച്ചു വെക്കപ്പെട്ട പാത്രത്തിൽ ഒരു കൃത്രിമ ജൈവികഅന്തരീക്ഷം രൂപപ്പെടും. ഇതുവഴിയാണ് വിത്തുകൾ അനുകൂല അന്തരീക്ഷം ഉപയോഗിച്ചുകൊണ്ട് മുളപൊട്ടുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ(ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ) വെച്ച് ഇതിനു മുൻപ് സസ്യങ്ങൾ വളർത്തിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ചന്ദ്രനിൽ വെച്ച് ഒരു സസ്യം ജന്മമെടുക്കുന്നത്. ചന്ദ്രനിൽ വെച്ച് സസ്യങ്ങൾ വളർത്താൻ സാധിക്കുന്നത് ഭാവിയിൽ വിപുലമായ രീതിയിലുള്ള ബഹിരാകാശ യാത്രകൾക്ക് പ്രചോദനമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
Also Read കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ചൊവ്വയിലേക്കും മറ്റുംദീർഘമായ യാത്രകൾ നടത്തുന്നതിനെക്കുറിച്ചും അവിടെ താമസിക്കുന്നതിനെക്കുറിച്ചും ഇപ്പോൾ തന്നെ ശാസ്ത്ര ലോകത്ത് വൻ ചർച്ചയാണ് നടക്കുന്നത്. ഭാവിയിൽ ചൊവ്വ പോലുള്ള ഗ്രഹങ്ങളിൽ കൃഷി നടത്താൻ സാധിച്ചാൽ ബഹിരാകാശ യാത്രികർക്ക് ദീർഘകാലം അവിടെ താമസിച്ചുകൊണ്ട് കൃഷി നടത്താൻ സാധിക്കും. അതിനാൽ തന്നെ, ഇടക്കിടക്ക് ഭൂമിയിലേക്ക് തിരിച്ച് വരേണ്ടി വരില്ല.