'ഉക്രൈന്‍' ഏഷ്യയിലും ആവര്‍ത്തിക്കാമെന്ന് ചൈനയെ ഉന്നംവെച്ച പ്രസ്താവനയുമായി ജപ്പാന്‍; പ്രാദേശിക സംഘര്‍ഷങ്ങളെ പര്‍വതീകരിക്കാനുള്ള ശ്രമമെന്ന് തിരിച്ചടിച്ച് ചൈന
World News
'ഉക്രൈന്‍' ഏഷ്യയിലും ആവര്‍ത്തിക്കാമെന്ന് ചൈനയെ ഉന്നംവെച്ച പ്രസ്താവനയുമായി ജപ്പാന്‍; പ്രാദേശിക സംഘര്‍ഷങ്ങളെ പര്‍വതീകരിക്കാനുള്ള ശ്രമമെന്ന് തിരിച്ചടിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th May 2022, 5:13 pm

ബീജിങ്: ഉക്രൈന്‍ വിഷയം കിഴക്കന്‍ ഏഷ്യയ്ക്ക് മേലും ഭീഷണിയാണെന്ന ജപ്പാന്റെ പ്രസ്താവനക്ക് മറുപടി നല്‍കി ചൈന.

ജാപ്പനീസ് പ്രസിഡന്റ് ഫുമിയോ കിഷിദയായിരുന്നു ഉക്രൈനിലെ പ്രതിസന്ധിയെ ഏഷ്യയിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തി സംസാരിച്ചത്. ഉക്രൈന്‍ പോലുള്ള വിഷയം ഏഷ്യയിലും ആവര്‍ത്തിക്കാമെന്നായിരുന്നു കിഷിദ പറഞ്ഞത്.

ബ്രിട്ടന്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു കിഷിദയുടെ ഈ പ്രസ്താവന.

”സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായും സഖ്യ രാജ്യങ്ങളുമായും നമ്മള്‍ ഒരുമിക്കണം. ഫോഴ്‌സ് ഉപയോഗിച്ച് ഇന്തോ പസഫിക് മേഖലയില്‍, പ്രധാനമായും കിഴക്കന്‍ ഏഷ്യയില്‍ ഇടപെടലുകള്‍ നടത്താന്‍ അനുവദിക്കരുത്.

ഇന്നത്തെ ഉക്രൈന്‍ നാളെ ഈസ്റ്റ് ഏഷ്യയാകാം,” എന്നായിരുന്നു കിഷിദ പറഞ്ഞത്.

ഇതിന് ചൈനയുടെ ഭാഗത്ത് നിന്നും മറുപടിയും വന്നിട്ടുണ്ട്.

”ചൈനയെക്കുറിച്ച് സംസാരിക്കാനും, ഏഷ്യയിലെ പ്രാദേശിക സംഘര്‍ഷങ്ങളെ പര്‍വതീകരിച്ച് കാണിക്കാനും, ‘ചൈനാ ഭീഷണി’ (China threat) എന്നതിനെ ഉയര്‍ത്താക്കാണിക്കാനും ചില നയതന്ത്ര ബന്ധങ്ങള്‍ ജപ്പാന്‍ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തുന്നുണ്ട്,” എന്നായിരുന്നു ചൈന ഇതിന് നല്‍കിയ മറുപടി.

”തങ്ങളുടെ സൈനിക എക്‌സ്പാന്‍ഷന് എക്‌സ്‌ക്യൂസ് കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് ജപ്പാന്‍ ഈ വാദം ഉന്നയിക്കുന്നത്. ജപ്പാന്റെ വാക്കുകളോടും പ്രവര്‍ത്തികളോടും ചൈന ശക്തമായി വിയോജിക്കുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവൊ ലിജ്യാന്‍ (Zhao Lijian) പറഞ്ഞു.

”കിഴക്കന്‍ ഏഷ്യയില്‍ ജപ്പാന് സമാധാനമാണ് വേണ്ടതെങ്കില്‍ നേതൃ രാജ്യങ്ങളെ പരസ്പരം പ്രകോപിപ്പിക്കുന്നതില്‍ നിന്നും അവര്‍ പിന്മാറണം, രാജ്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം,” ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

Content Highlight: China slams Japan after Japanese prime minister Fumio Kishida said Ukraine plight could be replicated in East Asia