ബീജിങ്: തായ്‌വാന്‍ വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണെങ്കില്‍ ഒരു യുദ്ധത്തിന് പോലും തങ്ങള്‍ മടിക്കില്ല എന്നാണ് ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രി പറഞ്ഞത്.
യു.എസിന്റെ പ്രതിരോധ വകുപ്പ് മന്ത്രി ലോയ്ഡ് ഓസ്റ്റിനോടായിരുന്നു ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രി വെയ് ഫെന്‍ഗെയുടെ പ്രതികരണം. സിംഗപ്പൂരില്‍ വെച്ച് നടന്ന സുരക്ഷാ ഉച്ചകോടിക്കിടെയായിരുന്നു തായ്‌വാന്‍ വിഷയം കടന്നുവന്നത്.
തായ്‌വാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഏത് വിധേനയും തകര്‍ക്കുമെന്നും നാടിന്റെ ‘ഐക്യം’ നിലനിര്‍ത്തുമെന്നുമായിരുന്നു വെയ് ഫെന്‍ഗെ പറഞ്ഞത്. ചൈനീസ് പ്രതിരോധകാര്യ മന്ത്രാലയം തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
”തായ്‌വാന്‍ എന്ന് പറയുന്നത് ചൈനയുടെ തായ്‌വാന്‍ ആണ്. തായ്‌വാനെ ഉപയോഗിച്ച് ചൈനയെ നേരിടാമെന്ന ആഗ്രഹം നിലനില്‍ക്കില്ല,” മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
”ആരെങ്കിലും തായ്‌വാനെ ചൈനയില്‍ നിന്നും പിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ചൈനീസ് സൈന്യത്തിന് തീര്‍ച്ചയായും യുദ്ധം ആരംഭിക്കാന്‍ ഒരു മടിയുമില്ല, അതിന് എന്ത് വില കൊടുക്കേണ്ടി വന്നാലും,” വെയ് ഫെന്‍ഗെ പറഞ്ഞു.
അതേസമയം തായ്‌വാന്‍ വിഷയത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തായ്‌വാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ ചൈന തുടര്‍ച്ചയായി തങ്ങളുടെ എയര്‍ക്രാഫ്റ്റുകള്‍ പറത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.