ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ഭീകരസംഘടനയായ താലിബാനെ അംഗീകരിച്ച് ചൈന. താലിബാനെ ഭരണകേന്ദ്രമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന.
അഫ്ഗാനിസ്ഥാനുമായുള്ള സഹകരണവും സൗഹൃദവും ആഴപ്പെടുത്തുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചിരിക്കുന്നത്.
‘ചൈനയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് താലിബാന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാന്റെ പുനരുദ്ധാരണത്തിലും വികസനത്തിലും ചൈനയുടെ പങ്കാളിത്തം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെ ഞങ്ങള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും.
തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചൈന പൂര്‍ണ്ണമായും അംഗീകരിക്കുന്നു. സൗഹാര്‍ദപരവും സഹകരണത്തിലൂന്നിയതുമായ ബന്ധമാണ് ചൈന അഫ്ഗാനുമായി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നത്,’ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുന്യങ് മാധ്യമങ്ങളോട് പറഞ്ഞു.
യു.എസ് അഫ്ഗാനില്‍ നിന്നും പിന്മാറുകയാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ചൈന താലിബാനെ അംഗീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താലിബാനുമായി ചൈന അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്‍ ടിയാന്‍ജിനുമായി ചര്‍ച്ച നടത്തിയിരുന്നു. തീവ്രവാദികളെ വളര്‍ത്തുന്നയിടമായി അഫ്ഗാനിസ്ഥാനെ വളര്‍ത്തില്ലെന്നായിരുന്നു താലിബാന്‍ ചൈനക്ക് ഉറപ്പ് നല്‍കിയത്.
ഇതിന് പകരമായി അഫ്ഗാന്റെ പുനരുദ്ധാരണത്തിനായി സാമ്പത്തിക നിക്ഷേപങ്ങളും പിന്തുണയും നല്‍കുമെന്നായിരുന്നു ചൈനയുടെ വാഗ്ദാനം. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രസ്താവനയാണ് ഇപ്പോള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
അഫ്ഗാനുമായി ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്. ഭൂമിശാസ്ത്രപരമായി വാണിജ്യരംഗത്ത് തന്ത്രപ്രധാനമായ സ്ഥാനമാണ് അഫ്ഗാനുള്ളത് എന്നതും ചൈനയുടെ താലിബാന്‍ പിന്തുണക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതേസമയം, സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.
അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.
താലിബാന്‍ ഭരണത്തിലെത്തുന്നതിനെ കടുത്ത ആശങ്കയോടെയാണ് അഫ്ഗാന്‍ ജനത നോക്കിക്കാണുന്നത്. കൂട്ടപ്പലായനമാണ് രാജ്യത്ത് നടക്കുന്നത്.
വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതോടെ അമേരിക്കന്‍ സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: China Says Ready For “Friendly Relations” With Taliban