'ഇന്ത്യ തെറ്റ് തിരുത്താന്‍ തയ്യാറാവണം'; പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ വിമര്‍ശനവുമായി ചൈന
international
'ഇന്ത്യ തെറ്റ് തിരുത്താന്‍ തയ്യാറാവണം'; പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ വിമര്‍ശനവുമായി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2020, 4:22 pm

ബീജിംഗ്: വീണ്ടും പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ പ്രതിഷേധമറിയിച്ച് ചൈന. ഇന്ത്യ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

‘ഇന്ത്യയുടെ നടപടികള്‍ ചൈനീസ് നിക്ഷേപകരുടെ നിയമപരമായ സാധ്യതകള്‍ക്കും താത്പര്യങ്ങള്‍ക്കും എതിരാണ്. അതിനാല്‍ ഇന്ത്യ തെറ്റു തിരുത്തണം,’ചൈനയുടെ വാണിജ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യ ദേശീയ സുരക്ഷയെ ദുരുപയോഗം ചെയ്തുവെന്നും ചൈനീസ് കമ്പനികള്‍ക്കെതിരെ വിവേചന പരമായ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രാലയം പറഞ്ഞു.

അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയെന്ന് ബീജിംഗും ആരോപിച്ചിരുന്നു.

കേന്ദ്ര ഐ.ടി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവിട്ടത്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞത്.

നേരത്തെ ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണെന്ന പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗെയിമുകളും ക്യാമറ ആപ്പുകളുമാണ് കൂടുതലായും ആപ്പുകളില്‍ ഉള്ളത്. ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.

പബ്ജിക്ക് പുറമെ ബയ്ഡു, വിചാറ്റ് റീഡിങ്, ഗവണ്‍മെന്റ് വി ചാറ്റ്, സ്മാര്‍ട് ആപ്ലോക്, ആപ്ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് തുടങ്ങിയ ആപ്പുകളും നിരോധിച്ചിട്ടുണ്ട്.

അതേസമയം ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി. എന്നാല്‍ ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്.

മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി. നേരത്തെ പബ്ജി നിരോധനത്തിനെതിരെ യുവാക്കളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയായിരുന്നു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായത്.

നേരത്തെ ടിക്ക് ടോക്കും ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ആദ്യമായി ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അക്കൂട്ടത്തില്‍ നിരോധിക്കപ്പെട്ട ആപ്പാണ് ടിക് ടോക്.

പിന്നീട് 47 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചിരുന്നു. നേരത്തെ നിരോധിച്ച 59 ആപ്പുകളില്‍ പലതിന്റെയും ക്ലോണ്‍ പതിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: China Says Legal Interests Violated After PUBG, 117 Other Apps Banned