| Tuesday, 3rd August 2021, 11:32 am

ഒരു വര്‍ഷത്തിന് ശേഷം വുഹാനില്‍ വീണ്ടും കൊവിഡ് കേസുകള്‍; മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിംഗ്: ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. 2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു.

ഒരു വര്‍ഷമായി പ്രദേശത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്.

വുഹാനിലെത്തിയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രദേശത്തുള്ളവരാരും പുറത്തുപോകരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

എല്ലാവരിലും കൊവിഡ് പരിശോധന പൂര്‍ത്തിയാകുന്നത് വരെ പുറത്തുനിന്നുള്ളവരെ വുഹാനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ചൊവ്വാഴ്ച വുഹാനില്‍ 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.

നചിംഗ് വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ക്കായിരുന്നു ആദ്യം ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. പിന്നീട് കൂടുതല്‍ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

നചിംഗിനടുത്തുള്ള യാങ്ജൗവില്‍ 40ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കര്‍ശന ലോക്ഡൗണാണ് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി ഒരാള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ അനുവാദമുള്ളു. ഇതും ദിവസത്തില്‍ ഒരു തവണ മാത്രവും. ചൊവ്വാഴ്ചയാണ് പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

പ്രതിദിന കേസുകള്‍ പൂജ്യത്തിലെത്തിയതിന് പിന്നാലെ സാമ്പത്തികമേഖലയടക്കം എല്ലാ രംഗങ്ങളും തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ രാജ്യം ആശങ്കയിലായിരിക്കുകയാണ്. ജൂലൈ പകുതി മുതല്‍ 400ലേറെ പ്രതിദിന കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: China’s Wuhan To Test “All Residents” As Covid Cases Emerge After A Year

We use cookies to give you the best possible experience. Learn more