| Thursday, 23rd July 2020, 2:48 pm

വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തില്‍; കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം തന്നെ പുറത്തിറക്കുമെന്ന് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ചൈന. നേരത്തെ 2021 ഓടെ മാത്രം പുറത്തിറക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന വാക്‌സിനാണ് ഈ വര്‍ഷത്തോടെ തന്നെ ഉപയോഗിക്കാമെന്ന പ്രഖ്യാപനവുമായി ചൈന രംഗത്തൈത്തിയിരിക്കുന്നത്.

ചൈനീസ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ സിനോഫാമാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. മനുഷ്യശരീരത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടം മൂന്നുമാസം കൊണ്ട് തീര്‍ന്നേക്കുമെന്നാണ് സിനോഫാം ചെയര്‍മാന്‍ ലിയു ജിഗ്ഷനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ സിനോഫാം യൂണിറ്റാണ് രണ്ട് കൊവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ പരീക്ഷണം നടത്തുന്നത്. ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം വന്നതിന് പിന്നാലെ 2021 വരെയെങ്കിലും വാക്‌സിന്‍ പരീക്ഷണം നടത്താനാവില്ലെന്ന് സിനോഫാം അറിയിച്ചിരുന്നു.

എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തിലെ ചില തടസങ്ങളെ നേരിട്ടുകഴിഞ്ഞെന്നാണ് സിനോഫാം അറിയിക്കുന്നത്.

ഏപ്രിലില്‍ ആഭ്യന്തരമായി നടത്തിയ ഒന്ന്, രണ്ട് ഘട്ട പരീക്ഷണഫലങ്ങള്‍ പോസിറ്റീവ് ആണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്നും ലിയു പറഞ്ഞു. അന്താരാഷ്ട്രതലത്തിലുള്ള മൂന്നാം ഘട്ടം അവസാനതലത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനോഫാമിന് കീഴില്‍ ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ടസും വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ടസും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

അതേസമയം വാക്‌സിന്‍ കണ്ടെത്തുന്നത് പുരോഗമിക്കുകയാണെന്നും എന്നാല്‍ 2021 ന് മുന്‍പ് പ്രയോഗിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

നേരത്തെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും കൊവിഡ് വാക്‌സിന്‍ അന്തിമഘട്ടത്തിലാണെന്ന് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more