സനാ: ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ യെമന്റെ ഹൂത്തികൾ ആക്രമിക്കുന്ന സാഹചര്യത്തിൽ ഇസ്രഈലിലേക്കുള്ള കപ്പലുകൾ നിർത്തിവെച്ച് ചൈനീസ് ഷിപ്പിങ് കമ്പനിയായ കോസ്കോ.
ഇസ്രഈൽ ധനകാര്യ വാർത്താ വെബ്സൈറ്റ് ഗ്ലോബ്സാണ് കോസ്കോയുടെ തീരുമാനം റിപ്പോർട്ട് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളെ കോസ്കോ ഇനിയും വിവരം അറിയിച്ചിട്ടില്ലെന്നും ഗ്ലോബ്സ് പറയുന്നു.
ഇസ്രഈലിലെ കോസ്കോ ഓഫീസുകൾ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രഈൽ തുറമുഖം അധികൃതരും അറിയിച്ചു.
ഇസ്രഈലി തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്ന എല്ലാ കപ്പലുകളെയും തങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തി തലവൻ കഴിഞ്ഞ ദിവസവും ആവർത്തിച്ച സാഹചര്യത്തിലാണ് ചൈനീസ് കമ്പനിയുടെ തീരുമാനം.
ഗസയിൽ വെടിനിർത്തലിനായുള്ള ഉടമ്പടി തുടരുവാൻ ഇസ്രഈൽ വിസമ്മതിച്ചതിന് പിന്നാലെ നവംബർ അവസാന വാരം തൊട്ട് ഇസ്രഈലി കപ്പലുകളെയും ഇസ്രഈലി തുറമുഖത്തേക്ക് വരുന്ന കപ്പലുകളെയും യെമൻ സേന ആക്രമിച്ചുവരികയാണ്.
ഗസയിലെ ആക്രമണങ്ങൾ ഇസ്രഈൽ അവസാനിപ്പിക്കുന്നത് വരെ തങ്ങൾ കപ്പലുകളെ ലക്ഷ്യമിടുമെന്നാണ് ഹൂത്തികൾ അറിയിക്കുന്നത്.
യെമന്റെ ആക്രമണം ഭയന്ന് ഇസ്രഈലി കപ്പലുകൾ ദിശ മാറ്റി സഞ്ചരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനകം നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടലിലൂടെയുള്ള ചരക്ക് ഗതാഗതം നിർത്തിവെക്കുകയാണെന്ന് അറിയിച്ചിരുന്നു.
ഹൂത്തികളെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് നിരവധി രാജ്യങ്ങൾ ഇതിൽ നിന്ന് പിന്മാറിയിരുന്നു. നേരത്തെ ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ മാത്രമേ തങ്ങൾ ആക്രമിക്കൂ എന്നറിയിച്ച ഹൂത്തികൾ അമേരിക്കയുടെ സേനയിൽ ചേരുന്ന രാജ്യങ്ങളെയും ആക്രമിക്കുമെന്ന് അറിയിച്ചിരുന്നു.
Content Highlight: China’s shipping firm COSCO halts shipments to Israel