|

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചൈനയില്‍ ജനസംഖ്യ കുറഞ്ഞു; വരും വര്‍ഷങ്ങളിലും ഇടിവിന് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചൈനയുടെ ജനസംഖ്യ കുറഞ്ഞു. 2024ല്‍ ചൈനയിലെ ആളുകളുടെ എണ്ണം 1.408 ബില്യണനാണ്. എന്നാല്‍ മുന്‍ വര്‍ഷത്തില്‍ നിന്ന് 1.39 ദശലക്ഷം ആളുകളുടെ കുറവാണ് ചൈനയിലുണ്ടായത്.

2023ല്‍ 1.409 ബില്യണനാണ് ചൈനയിലെ ജനസംഖ്യ. എന്നാല്‍ ചൈനയിലെ ജനനനിരക്ക് 2023ല്‍ 1000 പേര്‍ക്ക് 6.69 ആയിരുന്നു. എന്നാല്‍ 2024ല്‍ ഇത് 1000 പേര്‍ക്ക് 6.77 ആയി ഉയര്‍ന്നിട്ടുണ്ട്.

2023ലെ ചൈനയിലെ മരണനിരക്ക് 11.1 ദശലക്ഷമായിരുന്നു. 2024ല്‍ ഇത് 10.93 ആയി കുറയുകയാണ് ചെയ്തത്. മരണനിരക്ക് കുറഞ്ഞത് ജനങ്ങളുടെ എണ്ണത്തില്‍ ചെറിയ തോതില്‍ വര്‍ധനവുണ്ടാക്കിയെന്നാണ് നാഷണല്‍ ബ്യൂറോ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്.

2023ല്‍ ചൈനയില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 12.4 ശതമാനം വിവാഹമാണ് ചൈനയില്‍ നടന്നത്. എന്നാല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് വിവാഹങ്ങള്‍ വൈകാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

കൂടാതെ പെട്ടെന്നുണ്ടായ നഗരവത്ക്കരണവും ഒറ്റക്കുട്ടി നയവും ചൈനയിലെ ജനസംഖ്യയെ ബാധിച്ചു. വരും വര്‍ഷങ്ങളില്‍ ജനസംഖ്യ കുറയാന്‍ തന്നെയാണ് സാധ്യതയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

വാര്‍ധക്യ പദ്ധതികള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, തൊഴിലാളികളുടെ ലഭ്യത കുറവ്, ഉപഭോക്താക്കള്‍ ഇല്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ചൈനയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. ചില മേഖലകളില്‍ സര്‍ക്കാരിന് അമിത ചെലവ് വഹിക്കേണ്ടി വരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ജനസംഖ്യ ഗണ്യമായി കുറയുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടതോടെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് പ്രസവ ക്യാഷ് ഇന്‍സെന്റീവ് നല്‍കാന്‍ രാജ്യത്തെ വിവിധ നഗരങ്ങള്‍ പദ്ധതിയിട്ടിരുന്നു.

2021ല്‍ ഒരു കോടിയിലധികം (10.6 ദശലക്ഷം) കുട്ടികളായിരുന്നു ചൈനയില്‍ ജനിച്ചത്. ഇത് 1949ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്കായിരുന്നു ഇത്.

ജനസംഖ്യയില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരാണ് ചൈന. ജനസംഖ്യ അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ‘ഒറ്റക്കുട്ടി നയം’ ഉള്‍പ്പെടെയുള്ള ജനസംഖ്യാ നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നത്. 1980 മുതല്‍ 2015 വരെയായിരുന്നു ഇതിന്റെ കാലയളവ്.

എന്നാല്‍ പിന്നീട് ഇതില്‍ ഇളവുകള്‍ കൊണ്ടുവരികയായിരുന്നു. 2016 ജനുവരിയില്‍ വണ്‍ ചൈല്‍ഡ് പോളിസിയില്‍ ഇളവ് വരുത്തിയതിന് പിന്നാലെ 2021 മേയില്‍ ‘ത്രീ ചൈല്‍ഡ് പോളിസി’ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ജനസംഖ്യ കുറഞ്ഞുവരുന്നത് തടയാനായിരുന്നു ഈ നീക്കം.

Content Highlight: China’s population has declined for the third year in a row