കൊറോണ വൈറസ്: ഹുബൈയില്‍ 45 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; മരണ സംഖ്യ 249 ആയി ഉയര്‍ന്നു
World News
കൊറോണ വൈറസ്: ഹുബൈയില്‍ 45 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; മരണ സംഖ്യ 249 ആയി ഉയര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 7:50 am

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം 45 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവരുടെ എണ്ണം 249 ആയി ഉയര്‍ന്നു.

ജനുവരി 31 ന് ഹുബൈയില്‍ പുതുതായി 1,347 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 7,153 ആയി ഉയര്‍ന്നു. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.  ഇതോടെ യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഗനിര്‍ണയം, മുന്‍കരുതല്‍ നടപടികള്‍, ചികില്‍സാസൗകര്യം എന്നിവയ്ക്കായി വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്പന്ന രാജ്യങ്ങളും തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചിരുന്നു.

ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, തായ്ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
എല്ലാ ജില്ലകളിലും കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികള്‍ വീതം തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.
2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു. ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.