'കൊവിഡ് ലോകത്ത് മറ്റിടങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു,' കൊവിഡ് ഉത്ഭവത്തെക്കുറിച്ച് ചൈന
World News
'കൊവിഡ് ലോകത്ത് മറ്റിടങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു,' കൊവിഡ് ഉത്ഭവത്തെക്കുറിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 9:26 pm

ബീജിംഗ്: കൊവിഡ് മഹാമാരി ലോകമാകെ വ്യാപിച്ചിരിക്കെ തങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ ആരോപണങ്ങളെ തള്ളി ചൈന. കൊവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ തന്നെ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചൈനയില്‍ ഇത് ആദ്യം സ്ഥിരീകരിച്ചെന്നേ ഉള്ളൂ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

‘ പുതിയ ഒരു തരം വൈറസ് ആണ് കൊറോണ വൈറസ്. റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനം ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഈ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി നമുക്കെല്ലാവര്‍ക്കും അറിയാം. അതേസമയം ചൈനയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി ഹുവ ചുയിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡിനെ പറ്റിയുള്ള വിവരങ്ങള്‍ ചൈന മറച്ചു വെച്ചുവെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് കോടി കവിഞ്ഞിരിക്കുകയാണ്. 10 ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ 76 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,12,000 പേര്‍ അമേരിക്കയില്‍ മാത്രം മരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: China’s Claimes COVID-19 Broke Globally, We Only Reported It First