ലോകത്തെ ആശങ്കയിലാക്കി കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന്റെ പാതയില്‍ ചൈനയിലെ വുഹാന്‍. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ നഗരമാണ് വുഹാന്‍.
ശ്വാസ തടസം നേരിട്ട് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ന്യുമോണിയ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരായിരുന്നു ആശുപത്രിയില്‍ പ്രവശിപ്പിച്ചവരില്‍ കൂടുതല്‍ പേരും. ഇതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടി അധികൃതര്‍ സീല്‍ ചെയ്തു.
വൈറസ് ബാധ കൊവിഡ് 19 ആണെന്ന് സ്ഥരീകരിക്കാന്‍ അല്‍പ്പം സമയെടുത്തു. ഇതിനിടയില്‍ വുഹാനെ നിശ്ചലമാക്കുന്ന രീതിയില്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ചിരുന്നു. ഈ നഗരത്തില്‍ നിന്നാണ് ഇപ്പോള്‍ ആശ്വാസ സൂചകമായി ശുഭ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
അനിയന്ത്രിതമായ തലത്തില്‍ നിന്ന് വൈറസ് ബാധ ചൈനയില്‍ നിയന്ത്രണ വിധേയമായി മാറുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും പാര്‍പ്പിക്കാന്‍ ചൈന പണിത താത്ക്കാലിക ആശുപത്രികളില്‍ പലതും അടച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വുഹാനില്‍ നിന്ന് മുപ്പതിനായിരത്തിലേറെപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരെല്ലാം 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലായിരിക്കും. ചൈന കൊവിഡ് 19നെ നേരിടാന്‍ പണിത താത്ക്കാലിക ആശുപത്രികള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോര്‍മിറ്ററികളും ഹോട്ടലുകളും ആക്കാനാണ് പദ്ധതി.
ചൈന വൈറസ് ബാധയെ നേരിട്ടതിങ്ങനെ
രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കും എന്നതില്‍ സ്ഥിരീകരണം വന്നതോടെ വുഹാന്‍ നഗരം സമ്പൂര്‍ണ്ണമായി അടച്ചിട്ടു. മുന്‍കരുതലിന്റെ ഭാഗമായി ലൂണാര്‍ വാര്‍ഷികാഘോഘങ്ങള്‍ നിര്‍ത്തലാക്കി. ജനങ്ങള്‍ക്ക് പുറത്തിറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഹൈടെക് നീക്കങ്ങളും പടര്‍ന്നു പിടിച്ച വൈറസിനെ ഒരു പരിധിവരെ പിടിച്ചു കെട്ടാന്‍ ചൈനയെ സഹായിച്ചു.
ഹൈടെക്കായി പ്രതിരോധം
അണുബാധയേറ്റവരുടെ കോണ്‍ടാക്റ്റ് അടക്കം അവര്‍ സഞ്ചരിച്ച വഴികള്‍ സ്ഥലങ്ങള്‍, ഉപയോഗിച്ച ഗതാഗത സംവിധാനങ്ങള്‍ തുടങ്ങി എല്ലാവിവരങ്ങളും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കും വിധത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു.
ആരോഗ്യവകുപ്പുമായി സാങ്കേതിക മേഖലയെ സംയോജിപ്പിച്ചും ചൈന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇത് പ്രകാരം അണുബാധയുള്ളവരോ രോഗം സംശയിക്കുന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാല്‍ അലാറം മുഴങ്ങും. സോഷ്യല്‍ മീഡിയ വഴിയും ടെലഫോണ്‍ വഴിയുമൊക്കെ ഡാറ്റ സംയോജിപ്പിച്ചാണ് ചൈന ഇത്തരത്തിലൊരു രീതി വികസിപ്പിച്ചെടുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പ്രാവീണ്യവും ഇത് വേഗത്തില്‍ നടപ്പിലാക്കുന്നതില്‍ ചൈനയ്ക്ക് സഹായമായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രോഗികളുമായി ഇടപഴകിയവരെയും, രോഗികളുടെ പ്രൈമറി സെക്കന്‍ഡറി കോണ്ടാക്റ്റുകളിലുള്ളവരെയും ക്വാറന്റെയ്‌നിലാക്കി. മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താനും, ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ കണ്ടെത്താനുമൊക്കെ ചൈന സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചത്.
വ്യക്തികള്‍ക്ക് വ്യത്യസ്തമായ കളര്‍ കോഡുകള്‍ നല്‍കി. ആലിബാബ നിര്‍മ്മിച്ച ആപ്പിലെ ക്യൂ ആര്‍ കോഡ് വഴിയായിരുന്നു ഇത്. ഇത് പ്രകാരം ഗ്രീന്‍ കോഡ് ലഭിച്ചവരെ യാത്ര ചെയ്യാന്‍ അനുവദിച്ചു. മഞ്ഞ കാര്‍ഡ് ലഭിച്ചവരെ ഒരാഴ്ച്ചത്തെ ക്വാറന്റയ്‌നു വിധേയമാക്കി. റെഡ് കാര്‍ഡിന് 14 ദിവസത്തെ ക്വാറന്റയ്ന്‍. ഇത്തരത്തില്‍ ജനങ്ങളുടെ മേല്‍ അതിശക്തമായ വിധത്തിലുള്ള നിയന്ത്രണമാണ് ചൈന ഏര്‍പ്പെടുത്തിയത്.
പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ്
സ്‌കുളുകള്‍ക്ക് അവധി നല്‍കിയെങ്കിലും ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വഴി ക്ലാസുകള്‍ കൃത്യമായി നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷണം, മാസ്‌ക് തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സുരക്ഷാ ക്രമീകരണണങ്ങളോടെ വീട്ടില്‍ എത്തിച്ചു നല്‍കി. ഇതു പ്രകാരം ചൈനയിലെ കടകള്‍ അടഞ്ഞു കിടന്നെങ്കിലും കച്ചവടക്കാര്‍ ലാഭം ഉണ്ടാക്കി. ചൈനയില്‍ സണ്‍ മാര്‍ട്ട് ഗ്രൂപ്പ് കടകള്‍ അടഞ്ഞു കിടന്നെങ്കിലും ഉത്പന്നങ്ങള്‍ വിറ്റഴിച്ചുവെന്ന് പ്രതികരണം നടത്തിയിരുന്നു.
വൈറസ് ബാധ ഒഴിയുന്നതോടെ സാമ്പത്തിക മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പദ്ധതി
ജനുവരി മുതല്‍ ചൈനീസ് സമ്പദ് വ്യവസ്ഥ വന്‍ തകര്‍ച്ച നേരിട്ടുവെന്നാണ് കണക്കുകള്‍. ഇറക്കുമതി കുറഞ്ഞതും ഉത്പാദനം നിര്‍ത്തിവെച്ചതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി. രോഗം മാറി ആളുകള്‍ ആശുപത്രി വിടാനൊരുങ്ങുമ്പോള്‍ ചൈനീസ് സാമ്പത്തിക വ്യവസായിക മേഖലകളെ ഊര്‍ജസ്വലമാക്കാനുള്ള നടപടികളും ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.