| Monday, 12th June 2023, 5:28 pm

ഇന്ത്യക്ക് മാധ്യമ വിലക്ക്; അവസാന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോടും രാജ്യം വിടാന്‍ നിര്‍ദേശിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ചൈനയിലുള്ള അവസാന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകള്‍ തുടരുന്നതിനിടെയാണ് ഈ നീക്കം.

ചൈനയിലുള്ള പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയിലെ ഇന്ത്യന്‍ മാധ്യമങ്ങളുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകും.

2023ല്‍ തുടക്കത്തില്‍ ചൈനയില്‍ നാല് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉണ്ടായിരുന്നതാണ്. ദി ഹിന്ദുസ്ഥാന്‍ ടൈംസ്, പ്രസാര്‍ ഭാരതി, ദി ഹിന്ദു, പി.ടി.ഐ എന്നിവയാണ് ചൈനയില്‍ നിന്നും ഇന്ത്യക്കായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തെ തന്നെ ചൈനയില്‍ നിന്ന് മടങ്ങിയിരുന്നു. പ്രസാര്‍ ഭാരതി, ദി ഹിന്ദു എന്നിവയിലെ ലേഖകരുടെ വിസ പുതുക്കാന്‍ ചൈനീസ് ഭരണകൂടം കഴിഞ്ഞ ഏപ്രിലില്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് നാലാമത്തെ ജേണലിസ്റ്റിനോടും ഇന്ത്യയിലേക്ക് തിരികെപ്പോകാന്‍ ആവശ്യപ്പെട്ടത്.

മാധ്യമ പ്രവര്‍ത്തകരെ നിര്‍ബന്ധപൂര്‍വം ഒഴിവാക്കുന്നതിനെ പറ്റി പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. നേരത്തെ സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ട് ജേണലിസ്റ്റുകളുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കുന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: china removes indian journalists from their territory
We use cookies to give you the best possible experience. Learn more