| Tuesday, 25th July 2023, 7:07 pm

ചൈനീസ് വിദേശകാര്യ മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കി; വാങ് യി പുതിയ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്:  ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ സ്ഥാനത്ത് നിന്നും നീക്കി ചൈന. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ് ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ക്വിന്‍ ഗാങ്ങിനെ സ്ഥാനത്ത് നിന്നും മാറ്റുന്നതിനായുള്ള ഉത്തരവില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ഒപ്പുവെച്ചു.

ക്വിന്‍ ഗാങ്ങിനെ മാറ്റിയതിന്റെ കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ പുതിയ വിദേശകാര്യമന്ത്രിയായി വാങ് യി ചുമതലയേറ്റെടുക്കും. വാങ് യിയെ വിദേശകാര്യ മന്ത്രിയായി നിയമിക്കാന്‍ ചൈനയുടെ ഉന്നത സഭ വോട്ട് ചെയ്തതായി ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, ക്വിന്‍ ഗാങ്ങിനെ പൊതുവേദികളില്‍ കാണാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ജൂണ്‍ 25ന് ബെയ്ജിങ്ങില്‍ വെച്ച് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി. ഇന്തോനേഷ്യയില്‍ വെച്ച് നടന്ന ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.  ആരോഗ്യകാരണങ്ങളാലാണ് പങ്കെടുക്കാതിരുന്നതെന്നായിരുന്നു നല്‍കിയ വിശദീകരണം.

എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും കൃത്യമായ വിശദീകരണം ലഭിക്കാതിരുന്നത് പല വിധത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാലും ടെലിവിഷന്‍ അവതാരകയായ ഫ്യു ക്യുസിയോക്ക്യനുമായുള്ള വിവാഹേതര ബന്ധം മൂലവും പൊതുവേദികളില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരിക്കുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

 ചൈനയുടെ ചരിത്രത്തില്‍ വിദേശകാര്യ മന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് ക്വിന്‍. യു.എസ് അംബാസിഡര്‍ ആയ ശേഷം കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം വിദേശകാര്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. വിദേശകാര്യ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: China removes  foreign minister

We use cookies to give you the best possible experience. Learn more