ബെയ്ജിങ്: അമേരിക്കയും കാനഡയും ചൈനയും തമ്മില്‍ മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന നയതന്ത്രപ്രശ്‌നത്തിന് പരിഹാരമൊരുക്കി ചൈനീസ് ടെക്‌നോളജി ഭീമനായ വാവെയുടെ സി.എഫ്.ഒയെ കാനഡ മോചിപ്പിച്ചു. വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും സ്ഥാപകന്‍ റെന്‍ ഷെങ്ഫീയുടെ മകളുമായ മെങ് വാങ്‌ഷോവിനെയാണ് കാനഡ കഴിഞ്ഞ ദിവസം തടവില്‍ നിന്നും മോചിപ്പിച്ചത്.
ഇതോടെ തടവിലായിരുന്ന രണ്ട് കനേഡിയന്‍ പൗരന്മാരെ ചൈനയും വിട്ടയച്ചു. വാങ്‌ഷോവിനെ കാനഡ തടവിലാക്കിയതിന് പിന്നാലെയായിരുന്നു ചൈന ചാരവൃത്തി ചുമത്തി രണ്ട് കനേഡിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തത്.
2018 ഡിസംബറിലായിരുന്നു അമേരിക്കയുടെ വാറന്റിന്റെ അടിസ്ഥാനത്തില്‍ കാനഡ മെങ് വാന്‍ഷോവിനെ തടവിലാക്കിയത്. ഇറാന്‍ കമ്പനിയായ സ്‌കൈകോമുമായുള്ള കരാറില്‍ എച്ച്. എസ്.ബി.സി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അമേരിക്ക ചുമത്തിയ കുറ്റം.
വാങ്‌ഷോവിന്റെ അറസ്റ്റിന് പിന്നാലെ മൈക്കിള്‍ സ്പാവര്‍, മൈക്കിള്‍ കോവ്‌റിഗ് എന്നീ കനേഡിയന്‍ പൗരന്മാരെ ചൈന തടവിലാക്കി. വാന്‍ഷോവിനെ അറസ്റ്റ് ചെയ്തതിന് ചൈന പ്രതികാരം വീട്ടുകയാണെന്നും ചൈന ബന്ദികളെ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും നിരവധി രാജ്യങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ചൈന ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണുണ്ടായത്.
അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റുമായി കരാറുണ്ടാക്കിയതിന് പിന്നാലെയായിരുന്നു വാങ്‌ഷോവിന്റെ മോചനം. എച്ച്.എസ്.ബി.സി ബാങ്കിനുണ്ടായ നഷ്ടത്തിന്റെ ബാധ്യതയും വാങ്‌ഷോവ് ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതാണ് കരാറിന് വഴിയൊരുക്കിയത്.
ചൈനിസ് സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ വാങ്‌ഷോവ് ശനിയാഴ്ച കാനഡയില്‍ നിന്ന് ചൈനയിലേക്ക് മടങ്ങി. ഇവരുടെ യാത്ര ചൈനീസ് സ്റ്റേറ്റ് ടി.വിയില്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു.
ചൈനയുടെ ദേശീയ പതാകയുടെ നിറമായ ചുവപ്പ് നിറത്തിലുള്ള വസ്ത്രമായിരുന്നു വാങ്‌ഷോവ് ധരിച്ചത്. ചൈനയില്‍ തിരിച്ചെത്തിയതിന് പിന്നാലെ തന്നെ അവര്‍ ചൈനീസ് സര്‍ക്കാരിന് നന്ദി പറയുകയും ചെയ്തു.
1000 ദിവസത്തിലധികം കാനഡയിലെ വാന്‍കൂവറില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞ തന്നെ പിന്തുണച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നന്ദി എന്നായിരുന്നു വാങ്‌ഷോവ് പ്രതികരിച്ചത്.
വാവെയ് സി.എഫ്.ഒക്കെതിരായ കേസ് ഒത്തുതീര്‍ത്ത് അവര്‍ മോചിപ്പിക്കപ്പെട്ടുവെങ്കിലും അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉടനെയൊന്നും ശരിയാകില്ല എന്ന രീതിയിലാണ് വിദഗ്ധരുടെ പ്രതികരണം പുറത്തുവരുന്നത്. മനുഷ്യാവകാശ പ്രശ്‌നങ്ങളും, ഹോങ്കോങ് വിഷയവുമടക്കമുള്ള വിഷയങ്ങളില്‍ പരിഹാരത്തിലെത്തണമെങ്കില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുകയും പോളിസികളില്‍ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്.