ബെയ്ജിംഗ്: മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ച് പഠിക്കുകയും റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്ത ജര്‍മന്‍ പൗരനെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച് ചൈന. ചൈനയിലെ പ്രസിദ്ധമായ സിങ്വാ സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഡേവിഡ് മിസ്സാലിനെയാണ് സ്റ്റുഡന്റ് വിസ പുതുക്കാനനുവദിക്കാതെ ചൈന ജര്‍മനിയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. തന്റെ പഠനവിഷയത്തിലുള്ള അതൃപ്തിയാണ് വിസ നിഷേധിക്കാനുള്ള കാരണമെന്ന് മിസ്സാല്‍ ആരോപിക്കുന്നു.
ക്ലാസ് പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ പഠനങ്ങളാണ് അധികൃതരെ ചൊടിപ്പിച്ചതെന്നാണ് മിസ്സാലിന്റെ പക്ഷം. വിസ റദ്ദാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ദുസ്സെല്‍ദോര്‍ഫില്‍ തിരിച്ചെത്തിയ മിസ്സാല്‍ ട്വിറ്ററിലിട്ട കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ചൈനയുടെ നടപടികള്‍ ചര്‍ച്ചയായത്.
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ചും അഭിഭാഷകരെക്കുറിച്ചും തന്റെ മാധ്യമപ്രവര്‍ത്തന ക്ലാസ്സില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന്റെ പേരിലാണ് താന്‍ അധികാരികളുടെ നോട്ടപ്പുള്ളിയായതെന്ന് മിസ്സാല്‍ പറയുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ പഠനത്തിനെടുക്കുന്നതിനെതിരെ സിങ്വാ സര്‍വകലാശാല അധികൃതര്‍ രണ്ടു തവണ മിസ്സാലിന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ചൈനയിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് പഠിക്കാനാണ് താല്‍പര്യം എന്നതിനാല്‍ മിസ്സാല്‍ എതിര്‍പ്പവഗണിച്ച് വിഷയവുമായി മുന്നോട്ടു പോകുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനകം ചൈനയുടെ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ത്തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞതായി മിസ്സാല്‍ പരിഹാസരൂപേണ പറയുന്നുണ്ട്.
2015 ജൂലായ് 9 മുതല്‍ക്കുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തൊട്ടാകെ 300 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ചൈന ചോദ്യം ചെയ്യുകയോ തടഞ്ഞുവയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടുള്ളത്. ഇവരില്‍ അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്നു.
രാജ്യത്തിനകത്തു നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പുറംലോകമറിയുന്നതിനോട് ചൈന കാണിക്കുന്ന അസഹിഷ്ണുതയാണ് മിസ്സാലിനെ തിരിച്ചയച്ചതു വഴി വെളിവാകുന്നതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനയിലെ മാധ്യമങ്ങളിലോ മുഴുവന്‍ സമയ നിരീക്ഷണത്തിലുള്ള ഇന്റര്‍നെറ്റിലോ ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.