ബീജിങ്: ജനസംഖ്യയുടെ എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്നും തൊഴില്‍ വൈദഗ്ദ്യമുള്ള 90 കോടി പേര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും ചൈന. ജനസംഖ്യയില്‍ ഒന്നാമതെത്തുന്നതല്ല, ഗുണനിലവാരത്തെക്കൂടി ആശ്രയിച്ചാണ് ജനസംഖ്യയുടെ നേട്ടം കണക്കാക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
‘എണ്ണത്തില്‍ മാത്രമല്ല, ഗുണത്തില്‍ കൂടി ആശ്രയിച്ചാണ് ജനസംഖ്യ കണക്കാക്കുന്നത്. ജനസംഖ്യയും കഴിവും പ്രധാനമാണ്.
ചൈനയുടെ ജനസംഖ്യ 1.4 ബില്യണിലധികമാണ്. ഇവിടെ ജോലി ചെയ്യുന്ന പ്രായത്തിലുള്ള 90 കോടിക്കടുത്ത് ആളുകളുണ്ട്. 10.5 ആണ് അവരുടെ വിദ്യാഭ്യാസ ശരാശരി.
പ്രധാനമന്ത്രി ലി ക്വിയാങ് പറഞ്ഞത്പോലെ രാജ്യത്തിന്റെ ജനസംഖ്യാ നേട്ടങ്ങള്‍ ഇല്ലാതായിട്ടില്ല. രാജ്യത്തിന്റെ നൈപുണ്യ നേട്ടം കുതിച്ചുയരുകയാണ്. വികസനമുന്നേറ്റത്തിന് ഇത് വലിയ പ്രചോദനമാണ്,’ അദ്ദേഹം പറഞ്ഞു.
ജനനിരക്ക് കുറയുന്നതും വര്‍ധിച്ചുവരുന്ന വാര്‍ദ്ധക്യസഹജമായ ജനസംഖ്യയും കാരണം ചൈനയുടെ ജനസംഖ്യ മോശമായി കൊണ്ടിരിക്കുകയായണെന്ന് നേരത്തെ ലി ക്വിയാങ് പറഞ്ഞിരുന്നു.
‘ചൈനയില്‍ ഏകദേശം 90 കോടി തൊഴിലാളികളുണ്ട്. 15 കോടി ആളുകള്‍ പ്രതിവര്‍ഷം തൊഴിലില്‍ പ്രവേശിക്കുന്നു. 24 കോടിയിലധികം ആളുകള്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പതിറ്റാണ്ടുകളായി നടപ്പാക്കിയ ഏക ചൈന നയമാണ് ചൈനയുടെ ജനസംഖ്യാപരമായ പ്രതിസന്ധിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഒന്നാമതെത്തിയതായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിറങ്ങിയിരുന്നു. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തിയതായി പറയുന്നത്.
ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണെന്നും ചൈനയുടേത് 142.57 കോടിയാണെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ചൈനയേക്കാള്‍ 29 ലക്ഷം ആളുകള്‍ ഇന്ത്യയില്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന ജനസംഖ്യ സംബന്ധമായ കണക്കുകളെടുക്കാന്‍ തുടങ്ങിയ 1950ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുന്നത്.
ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനവും 0-14 വയസിനിടയില്‍ പ്രായമുള്ളവരാണ്. 10-19 വയസിനിടയില്‍ പ്രായമുള്ളവര്‍ ജനസംഖ്യയുടെ 18 ശതമാനവും 10-24നുമിടയില്‍ പ്രായമുള്ളവര്‍ 68 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 65ന് മുകളില്‍ പ്രായമുള്ളവര്‍ 7 ശതമാനമാണ്.
CONTENT HIGHLIGHT: CHINA REACT POPULATION REPORT