തായ്‌പെയ്: തായ്‌വാന്റെ വ്യോമാതിര്‍ത്തി കടന്ന് ചൈനയുടെ അഭ്യാസ പ്രകടനം. ഫൈറ്റര്‍ ജെറ്റുകളും ബോംബര്‍ വിമാനങ്ങളുമടക്കം ഉപയോഗിച്ചുള്ള ചൈനയുടെ ഈ പ്രകടനം തായ്‌വാന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനുള്ള നീക്കമായാണ് കണക്കാക്കപ്പെടുന്നത്.
1949ലെ ആഭ്യന്തര കലഹത്തിന് ശേഷം, സ്വതന്ത്ര ഭരണകൂടമായി നിലനില്‍ക്കുന്ന തായ്‌വാനോടുള്ള പരസ്യവെല്ലുവിളിയായാണ് ചൈന മുന്നോട്ട് പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമായല്ല ഇത്തരം നീക്കങ്ങളുമായി ചൈന മുന്നോട്ട് പോവുന്നതും.
എരി തീയില്‍ എണ്ണയൊഴിക്കുന്ന തരത്തിലാണ് ചൈന തായ്‌വാനെ പ്രകോപിപ്പിക്കുന്നതെന്നും കാലങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ശീതയുദ്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള യഥാര്‍ത്ഥ യുദ്ധത്തിലേക്കും വഴിയൊരുക്കാനുള്ള സാധ്യതയും വിദൂരമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂക്ലിയര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള എച്ച്6 ബോംബര്‍ വിമാനങ്ങളടക്കമായിരുന്നു ചൈനയുടെ ഇത്തവണത്തെ പ്രകടനം.
കഴിഞ്ഞ വര്‍ഷം 350 തവണയാണ് ചൈന തായ്‌വാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണ്‍ (എ.ഡി.ഐ.സെഡ്) മറികടന്നിട്ടുള്ളത്. എന്നാല്‍ 2021 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, ഈ വര്‍ഷത്തില്‍ 692 തവണയാണ് ചൈന തായ്‌വാന്റെ വ്യോമാതിര്‍ത്തി കടന്നിട്ടുള്ളത്.
ഇത് ചൈനയുടെ ‘സൈക്കോളജിക്കല്‍ പ്രഷര്‍ ടാക്ടിക്‌സാ’ണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. തായ്‌വാനടക്കം മൂന്ന് പേര്‍ക്കുള്ള മുന്നറിയിപ്പാണ് ചൈനയുടെ ഈ പ്രവൃത്തിയെന്നാണ് അവര്‍ പറയുന്നത്.
ഒന്നാമതായി തായ്‌വാന് തന്നെയും, രണ്ടാമതായി ചൈനയിലെ ആഭ്യന്തര ദേശീയവാദികള്‍ക്കും മൂന്നാമതായി പാശ്ചാത്യ ശക്തികള്‍ക്കും തങ്ങള്‍ എന്തിനും തയ്യാറാണെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ചൈന നല്‍കുന്നതെന്നാണ് അവര്‍ അനുമാനിക്കുന്നത്.
അമേരിക്കയും തായ്‌വാനും തമ്മിലുള്ള സഖ്യത്തിന്റെ വളര്‍ച്ച ചൈനയെ ആവലാതി പിടിപ്പിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ചൈന തങ്ങളുടെ വ്യോമ ശക്തി തെളിയിക്കുന്ന പ്രകടനങ്ങളുമായി മുന്നോട്ട് പോവുന്നത്.