| Friday, 3rd September 2021, 9:25 am

എംബസി അടക്കില്ല, സഹായങ്ങള്‍ തുടരും; ചൈന നല്‍കിയ ഉറപ്പുകള്‍ വ്യക്തമാക്കി താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചതായി താലിബാന്‍ വക്താവ്. അഫ്ഗാനിസ്ഥാനിലെ എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ചൈന വ്യക്തമാക്കിയതായും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

താലിബാന്റെ ദോഹയിലെ രാഷ്ട്രീയകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ അബ്ദുള്‍ സലാം ഹനഫി ചൈനീസ് വിദേശകാര്യ സഹമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് സുഹൈല്‍ ഷഹീന്‍ ട്വീറ്റ് ചെയ്തത്.

‘കാബൂളിലെ എംബസി നിലനിര്‍ത്തുമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഞങ്ങളുമായുള്ള ബന്ധം മുന്‍കാലങ്ങളേക്കാള്‍ മെച്ചപ്പെടുത്തുമെന്നും അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെ സുരക്ഷയിലും വികസനത്തിലും അഫ്ഗാനിസ്ഥാന് പ്രധാന പങ്കുവഹിക്കാനും കഴിയും.

കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ടും മറ്റു വിഷയങ്ങളിലും നല്‍കിവന്നിരുന്ന സഹായങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്,’ സുഹൈല്‍ ഷഹീലിന്റെ ട്വീറ്റില്‍ പറയുന്നു.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ആക്രമിച്ചു കീഴടക്കിയതിന് തൊട്ടുപിന്നാലെ അഫ്ഗാനുമായി സൗഹാര്‍ദപരവും സഹകരണമനോഭാവത്തോടു കൂടിയതുമായ ബന്ധം പുലര്‍ത്തുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. താലിബാന്‍ നേതാക്കളുമായി നേരത്തെ തന്നെ ചൈന അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മതിയായ ഒരുക്കങ്ങളോ വിലയിരുത്തലുകളോ നടത്താതെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുംഅമേരിക്ക സേനയെ പിന്‍വലിച്ചതെന്നും ചൈന രൂക്ഷവിമര്‍ശനവുമുന്നയിച്ചിരുന്നു.

എന്നാല്‍ പിന്നീട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കു എന്നാണ് ചൈന അറിയിച്ചത്.

‘അഫ്ഗാന്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരവുമാണ്. അഫ്ഗാനിസ്ഥാന് സ്വന്തം ജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താല്‍പ്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന തുറന്ന ചിന്താഗതിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു ചൈനീസ് വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞത്.

ഉയിഗര്‍ തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങള്‍ക്ക് താവളം നല്‍കില്ലെന്ന വാഗ്ദാനവും താലിബാന്‍ പാലിക്കണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍ തുടര്‍ന്നും ചൈന സഹായിക്കുമെന്നും അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യത്തില്‍ ചൈന നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരക്ഷാഭീഷണി കണക്കിലെടുത്ത് അഫ്ഗാനിലെ തങ്ങളുടെ പൗരന്മാരെ ചൈന ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം ചൈനീസ് എംബസി അഫ്ഗാനില്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ല.

അഫ്ഗാനുമായി ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്. ഭൂമിശാസ്ത്രപരമായി വാണിജ്യരംഗത്ത് തന്ത്രപ്രധാനമായ സ്ഥാനമാണ് അഫ്ഗാനുള്ളത്. താലിബാനുമായി ചൈന സഹകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണമിതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചൈനയിലെ ന്യൂനപക്ഷമായ ഉയിഗര്‍ മുസ്‌ലിം വിഭാഗത്തിലെ വിഘടനവാദികളെന്ന് ചൈന ആരോപിക്കുന്ന ഗ്രൂപ്പുകള്‍ക്ക് താലിബാന്റെ പിന്തുണ ലഭിക്കുകയും അത് ചൈനയുടെ അതിര്‍ത്തികളില്‍ സുരക്ഷാഭീഷണി സൃഷ്ടിക്കുമോയെന്ന ആശങ്കയും ചൈനക്കുണ്ട്.

അതേസമയം സാമ്പത്തികരംഗത്തും അഫ്ഗാന്റെ പുനരുദ്ധാരണത്തിലും ചൈനീസ് നിക്ഷേപത്തിന് വലിയ പങ്കുവഹിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് താലിബാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: China Promised To Keep Afghan Embassy, Increase Humanitarian Aid: Taliban

We use cookies to give you the best possible experience. Learn more