World News
25 വര്‍ഷത്തിന് ശേഷം ആദ്യം; വനിതാ പ്രാതിനിധ്യമില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പൊളിറ്റ്ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 24, 04:43 am
Monday, 24th October 2022, 10:13 am

ബീജിങ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സി.പി.സി) ഉന്നതാധികാര സമിതിയായ പൊളിറ്റ്ബ്യൂറോയില്‍ ഇത്തവണ സ്ത്രീകളില്ല. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയില്‍ വനിതാ പ്രാതിനിധ്യമില്ലാത്ത പൊളിറ്റ്ബ്യൂറോ വരുന്നത്.

പൊളിറ്റ്ബ്യൂറോയിലെ ഏക വനിതാ സാന്നിധ്യമായിരുന്ന, നാല് ഉപ പ്രധാനമന്ത്രിമാരില്‍ ഒരാളായ സന്‍ ചുന്‍ലാന്‍ പൊളിറ്റ്ബ്യൂറോയിലെ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ പകരം മറ്റൊരു വനിതാ നേതാവിനെ പൊളിറ്റ്ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

സി.പി.സിയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ആകെ എട്ട് സ്ത്രീകള്‍ മാത്രമാണ് പൊളിറ്റ്ബ്യൂറോ അംഗങ്ങളായി വന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റിയുടെ ഞായറാഴ്ച ചേര്‍ന്ന ആദ്യ യോഗത്തിലാണ് പൊളിറ്റ്ബ്യൂറോയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. 24 പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെയുമാണ് തെരഞ്ഞെടുത്തത്.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് സി.പി.സിയെ നയിക്കാനുള്ള പൊളിറ്റ്ബ്യൂറോയില്‍ 24 അംഗങ്ങളും പുരുഷന്മാരാണ്.

ഏഴംഗ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ രണ്ട് പേര്‍ പ്രസിഡന്റ് ഷി ചിന്‍പിങിന്റെ മുന്‍ സെക്രട്ടറിമാരാണ്. ഡിങ് സൂക്‌സിയാങ്, ഗ്വാങ്‌ഡോങ് പാര്‍ട്ടി നേതാവ് ലി ഷി, ബീജിങ് പാര്‍ട്ടി നേതാവ് കായ് ക്വി എന്നിവരടങ്ങുന്നതാണ് പൊളിറ്റ്ബ്യൂറോ.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 205 പൂര്‍ണസമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.

കേന്ദ്ര കമ്മിറ്റിയിലെ 205 അംഗങ്ങളില്‍ 11 സ്ത്രീകള്‍ മാത്രമാണുള്ളത്.

അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ചിന്‍പിങ് തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായും ഷി തുടരും. ഇത് മൂന്നാം തവണയാണ് ഷി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്.

മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന നേട്ടവും ഷി സ്വന്തമാക്കി.

ഇതിനിടെ, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ചൈനയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും സ്വയം സമര്‍പ്പിതരാകാന്‍ ചൈനീസ് ജനതയോട് ഷി ചിന്‍പിങ് അഭ്യര്‍ത്ഥിച്ചു. സി.പി.സി ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 16 മുതല്‍ 22 വരെ ഒരാഴ്ച നീണ്ടുനിന്ന സമ്മേളനം ശനിയാഴ്ചയായിരുന്നു സമാപിച്ചത്.

Content Highlight: China Politburo Excludes Women for First Time in 25 Years