തെരുവിളക്കുകള്‍ ഇനിയെന്തിന് സ്വന്തമായി ഒരു ചന്ദ്രനുണ്ടല്ലോ; ലോകത്തെ ആദ്യത്തെ മനുഷ്യനിര്‍മിത ചന്ദ്രനെ ഒരുക്കി ചൈന
World News
തെരുവിളക്കുകള്‍ ഇനിയെന്തിന് സ്വന്തമായി ഒരു ചന്ദ്രനുണ്ടല്ലോ; ലോകത്തെ ആദ്യത്തെ മനുഷ്യനിര്‍മിത ചന്ദ്രനെ ഒരുക്കി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 9:40 am

ബെയ്ജിങ്: 2020ഓടെ “കൃത്രിമ ചന്ദ്രനെ” വിക്ഷേപിക്കാന്‍ ഒരുങ്ങി ചൈനയിലെ ശാസ്ത്രജ്ഞന്മാര്‍. രാത്രിയില്‍ നഗരങ്ങളില്‍ പ്രകാശം പരത്താനാണ് ഇത്തരത്തിലൊരു ആശയം നടപ്പിലാക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെങ്ടു നഗരത്തില്‍ ഇല്ലൂമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാന്‍ ആരംഭിച്ചു. നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുകയാണ് പ്രധാനലക്ഷ്യം.

Also Read:  പഞ്ചാബ് ട്രെയിന്‍ അപകടം: രക്ഷാപ്രവര്‍ത്തനങ്ങള്‍ മറന്ന് മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ തിരക്കു കൂട്ടി ജനങ്ങള്‍

ലോകത്തെതന്നെ ആദ്യത്തെ “മനുഷ്യനിര്‍മിത ചന്ദ്രന്‍” സിച്വാനിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. ചന്ദ്രനോടൊപ്പംതന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടുമടങ്ങ് പ്രകാശം ഇതിനുണ്ടായിരിക്കുമെന്ന് ചൈനാ ഡെയ്ലി പത്രം റിപ്പോര്‍ട്ട് ചെയ്തു.

ചെങ്ടുവില്‍ മാത്രം 17 കോടി ഡോളര്‍ വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 50 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് ഇത് വെളിച്ചംപരത്തും. സൂര്യനില്‍ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക. ദുരന്തബാധിതമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.

ആദ്യ പരീക്ഷണം വിജയിച്ചാല്‍ 2022-ഓടെ മൂന്നു ചന്ദ്രന്‍മാരെക്കൂടി വിക്ഷേപിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തിയാന്‍ ഫു ന്യൂ ഏരിയ സയന്‍സ് സൊസൈറ്റിയുടെ മേധാവി വു ചുന്‍ഫെങ് പറഞ്ഞു.