ബീജിങ്ങ്: ഇസ്‌ലാമിനെ “സിനിസൈസ്” ചെയ്യാനുള്ള നിയമം പാസാക്കി ബീജിങ്ങ്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയിലെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ഇസ്‌ലാമിനെ ബന്ധിപ്പിക്കുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. അടിസ്ഥാനപരമായി ചൈനീസ് ഉത്പത്തി ഇല്ലാത്ത സംസ്‌കാരങ്ങളെ ചൈനീസ്‌വത്കരിക്കുന്ന പ്രക്രിയയാണ് സിനിസൈസ്.
എട്ട് ഇസ്‌ലാം അസ്സോസിയേഷനുകളുമായി ചൈനീസ് സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നീക്കം എന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌ലാമിനെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ബന്ധിപ്പിക്കാമെന്നും മതത്തെ സിനിസൈസ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനകളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
Also Read മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തയ്യാര്‍: ട്രംപ്
ഉയ്ഗൂര്‍ മുസ്‌ലിംങ്ങളോടുള്ള ചൈനീസ് ഭരണകൂടത്തിന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കേയാണ് ചൈനയുടെ പുതിയ നീക്കം. ചൈനയില്‍ 10 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്‌ലിംങ്ങള്‍ തടങ്കലിലാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി നേരത്തെ പറഞ്ഞിരുന്നു. ഉയ്ഗൂര്‍ സ്വയംഭരണ മേഖല ചൈനീസ് ഭരണകൂടം കോണ്‍സെന്റ്രേഷന്‍ ക്യാമ്പ് ആക്കി മാറ്റിയിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന ഉന്മൂലന സമിതി അംഗം ഗെയ് മക്ഡുഗല്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്‌ലാം മത പ്രകാരം ജീവിക്കുന്നത് ചൈനയിലെ ചില മേഖലയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്രതമെടുക്കുന്നതിനും, പ്രാര്‍ത്ഥിക്കുന്നതിനും, താടി വളര്‍ത്തുന്നതിനും, ഹിജാബ് ധരിക്കുന്നതിനും ഇവിടെ വിലക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read ഫ്രാന്‍സില്‍ മാക്രോണിന്റെ ഭരണത്തില്‍ 75 ശതമാനം ജനങ്ങളും അസംതൃപ്തര്‍; സര്‍വ്വേ ഫലം പുറത്ത്
എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ചൈന തള്ളിക്കളഞ്ഞിരുന്നു. ന്യൂനപക്ഷത്തിന്റെ സംസ്‌കാരങ്ങളേയും മതങ്ങളേയും തങ്ങള്‍ സംരക്ഷിക്കും എന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ നിലപാട്.