ബീജിംഗ്: മാലിദ്വീപിലേത് ആഭ്യന്തര പ്രശ്നമാണെന്നും അവിടെ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇടപെടുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം. പ്രശ്ന പരിഹാരത്തിനായി ഇന്ത്യ ഇടപെടണമെന്ന് കഴിഞ്ഞ ദിവസം മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിദേശ കാര്യ മന്ത്രാലയം വക്താവ് ഗാങ് ച്യൂങിന്റെ രംഗപ്രവേശം.
സൈന്യത്തെ സജ്ജമാക്കുന്നതിനായുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നതിനിടയിലാണ് മാലിദ്വീപില്‍ ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈന രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ് നഷീദ് ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ളചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗാങ് ച്യൂങ്.
ഇന്ത്യയും മറ്റു രാഷ്ട്രങ്ങളും വിഷയത്തില്‍ ഇടപെടുന്നതിനു പകരം അവിടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പ്രശ്ന പരിഹാരത്തിനായി രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ ശ്രമിക്കണമെന്നാണ് ചൈനയുടെ നിലപാട്.
രാജ്യത്തെ നിലവിലെ അരക്ഷിതാവസ്ഥ പരിഹരിച്ച് പരമാധികാരം തിരിച്ച് കൊണ്ടുവരുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. “അവര്‍ക്ക് സ്വതന്ത്രമായി നിലപാടെടുക്കാനും പ്രശ്നപരിഹാരം കാണാനുമാകുമെന്നാണ് പ്രതീക്ഷ. മാലദ്വീപിലേത് അവരുടെ രാജ്യത്തിന്റെ പ്രശ്നമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടേണ്ടെന്ന തത്ത്വമാണ് ചൈന പിന്തുടരുന്നത്” ഗാങ് ച്യൂങ് പറഞ്ഞു.
രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതേത്തുടര്‍ന്നായിരുന്നു 15 ദിവസത്തേക്കുള്ള അടിയന്തരാവസ്ഥാ പ്രഖ്യാപനം.