വാഷിംഗ്ടണ്‍: കടുത്ത എതിര്‍പ്പുകള്‍ക്കിടയിലാണ് ചൈന ഹോങ്കോംഗ് സുരക്ഷാ നിയമം പാസ്സാക്കിയത്. ചൈന ദേശീയ അസംബ്ലി സ്ഥിരംസമിതി ഏകകണ്‌ഠേനയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.
എന്നാല്‍ ചൈനയുടെ ഈ നിലപാടിന് പിന്നാലെ കനത്ത തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ ചൈനയുടെ ഹോംങ്കോംഗ് സുരക്ഷാ നിയമത്തിനെതിരെ അമേരിക്ക ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ചൈനയോടുള്ള അതൃപ്തി അമേരിക്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വന്നുകൊണ്ടിരിക്കുന്നത്. ചൈന ഇപ്പോള്‍ നടത്തിയ നീക്കത്തിനുള്ള ഫലം തീര്‍ച്ചയായും അനുഭവിക്കേണ്ടി വരുമെന്ന സൂചനയാണ് വാഷിംഗ്ടണും ബ്രസല്‍സും നല്‍കിയിരിക്കുന്നത്.
ഗുരുതരമായ നയതന്ത്ര-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചൈനയ്ക്കുള്ള മുന്നറിയിപ്പ്. യു.എസുമായുള്ള വ്യാപാര ആനുകൂല്യങ്ങള്‍ ഹോങ്കോങ്ങിന് നഷ്ടപ്പെടാമെന്ന സൂചനയും നല്‍കുന്നുണ്ട്. ഹുവായി ഉള്‍പ്പെടെ രണ്ട് ചൈനീസ് കമ്പനിക്ക് അമേരിക്കയില്‍ നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നെന്നാരോപിച്ചായിരുന്നു ചൊവ്വാഴ്ച രണ്ട് കമ്പനികളേയും അമേരിക്കയില്‍ നിരോധിച്ചത്.
എന്നാല്‍ തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് ചൈന മുന്നോട്ട് പോകുന്നതെന്നാണ് ചൈനയുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. എന്താണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതുതന്നെ ചെയ്യുമെന്ന നിലപാടാണ് ചൈനയ്‌ക്കെന്നാണ് വ്യപകമായ ആരോപണം.
ഹോംങ്കോങില്‍ രാജ്യദ്രോഹം, വിഭജനം, അട്ടിമറി എന്നിവ നിരോധിക്കുന്നതിനായാണ് നിയമം പാസാക്കുന്നതെന്നാണ് തങ്ങളുടെ നിലപാടിനെക്കുറിച്ച് ചൈന പറയുന്നത്. എന്നാല്‍ പരമാധികാരത്തിന് മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമായാണ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.
ചൈനയുടെ നീക്കത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങളിലെ നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്ന് ചൈനയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് വന്നിരുന്നത്. എന്നാല്‍ എതിര്‍പ്പുകളെല്ലാം ചൈന പാടെ അവഗണിക്കുകയായിരുന്നു.
നഗരത്തിന്റെ സ്വയംഭരണത്തിനും നിയമവാഴ്ചയ്ക്കും മൗലിക സ്വാതന്ത്ര്യത്തിനുമെതിരെയുള്ള സമഗ്രമായ ആക്രമണമാണ് പുതിയ സുരക്ഷാ നിയമമെന്നാണ് വ്യാപകമായ ആരോപണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക