ചൈനീസ് ഫോണുകള്‍ സുരക്ഷിതമാണോ?
Big Buy
ചൈനീസ് ഫോണുകള്‍ സുരക്ഷിതമാണോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2016, 8:59 pm

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം തീര്‍ത്ത് മുന്നേറുന്ന മോഡലുകളില്‍ മിക്കവയും ചൈനീസ് കമ്പനികളാണ്. ഇവയ്ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയുമുണ്ട്.

എന്നാല്‍ ചൈനീസ് ഗാഡ്ജറ്റുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം. അമേരിക്കയിലെ സോഫ്റ്റ്‌വയര്‍ വിദഗ്ധനായ ജോണ്‍ മെക്കഫിയുടേതാണ് മുന്നറിയിപ്പ്.

ഇത്തരം ഉപകരണങ്ങളിലെ സുരക്ഷ, ചൂട് നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കാന്‍ നേരത്തെ തന്നെ ഹാക്കര്‍മാര്‍ ശ്രമം നടത്തി വിജയിച്ചിട്ടുണ്ട്.

സ്മാര്‍ട്ട് ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് അതുവഴി കംപ്യൂട്ടറുകളില്‍ നിന്നും മറ്റും വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ നിരവധിയാണ്. കംപ്യൂട്ടറുകള്‍ മാത്രമല്ല, വാഹനങ്ങളും വിമാനങ്ങളും വരെ ഇങ്ങനെ ഹാക്ക് ചെയ്യുന്നുണ്ട്.

ചൈന അവരുടെ ഉപകരണങ്ങളില്‍ ബുദ്ധിശേഷി ആവോളം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സൈബര്‍ സെക്യൂരിറ്റിയുടെ കാര്യം ചിന്തനീയമാണ്. സൈബര്‍ സുരക്ഷ ഇല്ലെങ്കില്‍ എത്രമികച്ച ഉപകരണം ഇറക്കിയിട്ടും കാര്യമില്ലെന്നും മെക്കഫി പറഞ്ഞു. ബെയ്ജിങില്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി വിദഗ്ധന്‍മാരുടെ കോണ്‍ഫറന്‍സിലാണ് ജോണ്‍ മെക്കഫ ഇത്തരമൊരു മുന്നറിയിപ്പ് പ്രസംഗം നടത്തിയത്.

സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടറുകളെക്കാളും പ്രാധാന്യത്തോടെ വീട്ടിലെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കുന്നതിനാല്‍ ഒന്നിലധികം ഉപകരണങ്ങള്‍ ഒരേ ശൃംഖലയില്‍ വരും. ഇതില്‍ ഒന്ന് മാത്രം ഉപയോഗിച്ച് മറ്റുള്ളവയില്‍ നുഴഞ്ഞു കയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.