| Thursday, 6th June 2024, 7:04 pm

തായ്‌വാൻ പ്രസിഡന്റിന്റെ ആശംസയ്ക്ക് മോദിയുടെ മറുപടി; പ്രതിഷേധമറിയിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-ടെ അറിയിച്ച ആശംസക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയില്‍ അതൃപ്തി അറിയിച്ച് ചൈന. ചൈനയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങള്‍ തായ്‌വാനുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചു.

‘തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍,’ എന്നാണ് തായ്വാന്‍ പ്രസിഡന്റ് ലായ് എക്‌സില്‍ കുറിച്ചത്.

‘തായ്‌വാൻ -ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്തോപസഫിക്കിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി വ്യാപാരം, സാങ്കേതികവിദ്യ, മറ്റ് മേഖലകള്‍ എന്നിവയിലെ സഹകരണം വിപുലീകരിക്കാനും ഞങ്ങള്‍ ശ്രമിക്കും,’ എന്നായിരുന്നു ലായുടെ പോസ്റ്റിന് മോദി നല്‍കിയ മറുപടി.

ഇതിനെതിരെ ചൈന ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.

‘ലോകത്ത് ഒരു ചൈന മാത്രമേയുള്ളൂ, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണ് തായ്വാന്‍, വണ്‍ ചൈന തത്വം അന്താരാഷ്ട്ര ബന്ധങ്ങളിലും നിലവിലുള്ള സമവായത്തിലും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമാണ്. തായ്‌വാനുമായുള്ള ബന്ധം ഇന്ത്യക്ക് ഗുണം ചെയ്യില്ല, ഇന്ത്യയുടെ ഈ നടപടിക്കെതിരെ ചൈന ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്,’ മാവോ പറഞ്ഞു.

64 കാരനായ ലായ് കഴിഞ്ഞ മാസമാണ് തായ്‌വാൻ ദ്വീപിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. മെയ് 20 ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ തായ്വാന്‍ പ്രസിഡന്റ് ലായ്, ചൈനയില്‍ നിന്നുള്ള വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്ന ഭീഷണികള്‍ക്കിടയിലും ജനാധിപത്യത്തിന് വേണ്ടി പോരാടിയ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയെ അഭിനന്ദിക്കുകയും ദ്വീപിലെ ബീജിങിന്റെ ഭീഷണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlight: China lodges protest with India over PM Modi’s response to Taiwan President Lai’s greetings on his poll victory

We use cookies to give you the best possible experience. Learn more