| Tuesday, 4th January 2022, 12:13 pm

'കരുതലോടെ രാജ്യം'; ലക്ഷണങ്ങളില്ലാത്ത മൂന്ന് കൊവിഡ് കേസുകളുടെ പേരില്‍ 12 ലക്ഷം ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: മൂന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 12 ലക്ഷം ജനങ്ങളുള്ള നഗരം പൂര്‍ണമായും അടച്ചിട്ട് ചൈന. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ യൂഷൊ നഗരമാണ് അധികൃതര്‍ അടച്ചിട്ടിരിക്കുന്നത്.

ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി മുതലാണ് അധികൃതര്‍ ഇവിടെ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

കൊവിഡ് പോസിറ്റീവായ മൂന്ന് പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ പോലുമില്ലെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേലുള്ള സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

വൈറസിന്റെ പകര്‍ച്ച തടയാനായി യൂഷൊ നഗരത്തിലെ ജനങ്ങളെല്ലാം വീടുകളില്‍ തന്നെ തുടരണമെന്നാണ് അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്.

ബസ്-ടാക്‌സി സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍, മ്യൂസിയങ്ങള്‍, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ നേരത്തേ അടച്ചിട്ടിരുന്നു.

175 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തമാസം ബീജിങ്ങില്‍ വെച്ച് വിന്റര്‍ ഒളിംപിക്‌സ് നടക്കാനിരിക്കെ കൊവിഡിനെയും പുതിയ വകഭേദമായ ഒമിക്രോണിന്റയും വ്യാപനത്തെ ചെറുക്കുന്നതിന് വേണ്ടി കടുത്ത നിയന്ത്രണങ്ങളാണ് ചൈന നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈറസ് പടരുകയാണെങ്കില്‍ അവിടത്തെ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടിയടക്കമുള്ളവയും ഭരണകൂടം സ്വീകരിക്കുന്നുണ്ട്.

ഷിയാന്‍ പ്രവിശ്യയില്‍ ഇത്തരത്തില്‍ രണ്ട് മുതിര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കൊറോണ വൈറസും കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണും അനിയന്ത്രിതമായ തരത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നത്. ഫ്രാന്‍സ്, ഓസ്‌ട്രേലിയ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം ഏറ്റവും കൂടുതല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: China locks down city of 1.2 million after three asymptomatic coronavirus cases were reported

Latest Stories

We use cookies to give you the best possible experience. Learn more