ബീജിംഗ്: ഗെയിം വ്യവസായത്തിന് മേല്‍ കടുത്ത നിയന്ത്രണവുമായി ചൈന.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ കൂടുതല്‍ സമയം ഗെയിം കളിക്കുന്നതിനാലാണ് നിയന്ത്രണം കൊണ്ടുവന്നത്.
രാജ്യത്തെ ടെക്നോളജിക്കല്‍ കമ്പനികളുടെ മേലുള്ള നിയന്ത്രണം കൂടിയാണ് ഇത്.
നാഷണല്‍ പ്രസ്സ് & പബ്ലിക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ നോട്ടീസിലാണ് പുതിയ തീരുമാനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടികള്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ നേരിടുന്നതുകൊണ്ടാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരം തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഗെയിമുകള്‍ കളിച്ച് സമയം ചെലവിടുന്നത് കുറയ്ക്കുവാന്‍ കൂടി വേണ്ടിയാണ് ഈ നീക്കം.
പുതിയ നിയമപ്രകാരം ആഴ്ചയില്‍ മൂന്ന് മണിക്കൂറാണ് കുട്ടികള്‍ക്ക് ഗെയിമിങ്ങിനായി അനുവദിച്ചിട്ടുള്ളത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരോ മണിക്കൂറാണ് നല്‍കുക.
അവധി ദിവസങ്ങളിലും ഒരു മണിക്കൂര്‍ ലഭിച്ചേക്കും.
ചൈനയിലെ ഏറ്റവും വലിയ ഗെയിമിങ്ങ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ് സര്‍ക്കാരിന്റെ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്.
ഗെയിമിങ്ങ് വ്യവസായത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സര്‍ക്കാര്‍ മാധ്യമം രംഗത്തെത്തിയിരുന്നു. ‘ആത്മീയമായ കറുപ്പ് ‘ എന്നാണ് ഗെയിമുകളെ വിശേഷിപ്പിച്ചത്. വിമര്‍ശനം പിന്നീട് പിന്‍വലിച്ചെങ്കിലും ഗെയിം വ്യവസായത്തിന്റെ ഷെയര്‍ മാര്‍ക്കറ്റിനെ ഇത് വലിയ രീതിയില്‍ ബാധിച്ചിരുന്നു.