World News
യു.എസിനേക്കാള്‍ ദശലക്ഷം മടങ്ങ് വേഗതയുള്ള പ്രോസസര്‍ പുറത്തിറക്കി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Monday, 17th March 2025, 12:08 pm

ബെയ്ജിങ്: യു.എസിനേക്കാള്‍ ദശലക്ഷം മടങ്ങ് വേഗതയുള്ള പ്രോസസര്‍ പുറത്തിറക്കി ചൈന. ഗൂഗിളിന്റെ മുന്‍നിര ക്വാണ്ടം പ്രോസസറുകളേക്കാള്‍ വേഗതയുള്ള സൂപ്പര്‍ കണ്ടക്റ്റിങ് ക്വാണ്ടം കമ്പ്യൂട്ടിങ് പ്രോട്ടോടൈപ്പാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയത്.

കാലങ്ങളായി നിലവിലുള്ള ഏതൊരു സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാളും ക്വാഡ്രില്യണ്‍ മടങ്ങ് കാര്യക്ഷമതയുള്ളതാണ് ചൈനീസ് ചിപ്പ് എന്നും അതിന്റെ നിര്‍മാതാക്കള്‍ പറയുന്നു.

സുചോങ്‌സി-3 എന്നാണ് ചൈന പുറത്തിറക്കിയ ചിപ്പിന്റെ പേര്. ചൈനയിലെ അര ഡസനോളം ശാസ്ത്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ചൈനയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ചെടുത്തത്. ഈ മാസം ആദ്യം ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സിനായുള്ള ലേഖനത്തില്‍ ചിപ്പിനെ കുറിച്ചുള്ള ഗവേഷണ ഫലങ്ങളും ചിപ്പിന്റെ പ്രകടന വിശകലനവും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ക്ലാസിക്കല്‍ കമ്പ്യൂട്ടറുകളില്‍ ചെയ്യാന്‍ കഴിയാത്ത ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്കായി പ്രായോഗിക ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന ഗൂഗിള്‍ ക്വാണ്ടം എ.ഐ പ്രതിനിധികളുടെ വാദത്തിന് തിരിച്ചടിയാണ് ചൈനീസ് ചിപ്പെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ വില്ലോ ക്വാണ്ടം പ്രോസസറായ മറ്റൊരു ഗൂഗിള്‍ ഉത്പ്പന്നവുമായി പുതിയ ചിപ്പ് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന കാര്യത്തില്‍ വ്യക്തതകളില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഈ രണ്ട് ചിപ്പുകള്‍ക്കും ഏകദേശം സമാനമായ പ്രോസസിങ് ശേഷിയാണുള്ളതെന്നും എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമല്ല ഇതെന്നും ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അടിസ്ഥാന ശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ കണ്ടെത്തലുകള്‍ നടത്തണമെന്ന ചൈനീസ് പ്രസിഡന്റ് ഷീജിങ് പിങ്ങിന്റെ നിര്‍ദേശ പ്രകാരം ചൈനീസ് കമ്പനികള്‍ എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിങ് രംഗത്ത് സേവനങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിപ്പ് നിര്‍മാണം, ബഹിരാകാശ പര്യവേഷണം, സൈനിക ശാസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സ്വാശ്രയത്വം വര്‍ധിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: China launches processor a million times faster than the US