| Tuesday, 7th July 2020, 11:09 am

രണ്ടും കല്‍പ്പിച്ച് ചൈന; പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌കിനെ ഇറക്കുമെന്ന് സൂചന; ലക്ഷ്യം ഹോങ്കോംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന. ചൈനയിലെ ദേശീയ മാധ്യമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.

ഹോങ്കോംഗില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താനും കൊവിഡ് പ്രതിസന്ധിയെ നേരിടാനുമാണ് ചൈനയുടെ പുതിയ നീക്കമെന്നാണ് സൂചനകള്‍.

നുഴഞ്ഞുകയറ്റം, അട്ടിമറി, അക്രമാസക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, വംശീയ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, തീവ്ര മതപ്രവര്‍ത്തനങ്ങള്‍ എന്നിവ അടിച്ചമര്‍ത്തലാണ് ടാസ്‌ക് ഫോഴ്സിന്റെ ലക്ഷ്യം
എന്നാണ് വിവരങ്ങള്‍.

ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ പ്രസിഡന്റ് ഷി ജിന്‍പിങിന്റെ പരസ്യമായി വിമര്‍ശകനായ ബീജിംഗിലെ നിയമ പ്രൊഫസറെ അധികൃതര്‍ പിടിച്ചുകൊണ്ടുപോയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

”ചൈനയുടെ രാഷ്ട്രീയ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ഉത്തരവാദിത്തം. രാഷ്ട്രീയ സുരക്ഷ ദേശീയ സുരക്ഷയുമായും ജനങ്ങളുടെ ക്ഷേമവുമായും ബന്ധപ്പെട്ടിരിക്കുന്നു’ പുതിയ നീക്കത്തെക്കുറിച്ച് വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്.

കടുത്ത എതിര്‍പ്പുകള്‍ക്കിടയിലാണ് ചൈന ഹോങ്കോംഗ് സുരക്ഷാ നിയമം പാസ്സാക്കിയത്. ചൈന ദേശീയ അസംബ്ലി സ്ഥിരംസമിതി ഏകകണ്ഠേനയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇതിന് പിന്നാലെ ഉയര്‍ന്നുവന്നത്.

ചൈന നടത്തിയ നീക്കത്തിനുള്ള ഫലം തീര്‍ച്ചയായും അനുഭവിക്കേണ്ടി വരുമെന്ന സൂചന വാഷിംഗ്ടണും ബ്രസല്‍സും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more