ഷിന്‍ജിയാംഗ്: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാംഗിലെ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരുടെ ഡി.എന്‍.എ ശേഖരിക്കാന്‍ ചൈനയുടെ തീരുമാനം. ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കാനായി 87 ലക്ഷം ഡോളറിന്റെ ഉപകരണങ്ങള്‍ ചൈനീസ് അധികൃതര്‍ വാങ്ങാനൊരുങ്ങുന്നതായി ഷിന്‍ജിയാംഗ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണിലും സമാനമായ നീക്കം നടത്താന്‍ ചൈന ശ്രമിച്ചിരുന്നുവെങ്കിലും അത് വിപുലമായിരുന്നില്ല. ഷിന്‍ജിയാങ് പ്രവിശ്യയിലുള്ളവര്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനോ പുറത്തേക്ക് യാത്ര ചെയ്യുന്നതിനോ ഡി.എന്‍.എ-ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്ന് നേരത്തേ അധികൃതര്‍ ഉത്തരവിട്ടിരുന്നു.
ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണത്താല്‍ ഇപ്പോള്‍ തന്നെ ഷിന്‍ജിയാംഗിലുള്ളവര്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇതിനു പുറമേയാണ് പുതിയ തീരുമാനമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മായ വാംഗ് പറഞ്ഞു.
പുതിയ തീരുമാനം പ്രദേശത്തെ മുസ്‌ലിം വിഭാഗത്തിലുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാനാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അടുത്തിടെ ഇവിടെയുണ്ടായ മുസ്‌ലിം പേരുകള്‍ക്കുള്ള വിലക്ക് വിവാദമായിരുന്നു.