| Thursday, 11th August 2022, 8:16 pm

ചൈന ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യങ്ങളിലൊന്ന്; നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ. ‘ചൈനയെ പ്രകീര്‍ത്തിക്കുന്ന’ രീതിയില്‍ പെലോസി സംസാരിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ‘ചൈന ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യങ്ങളിലൊന്നാണ്’ എന്ന് നാന്‍സി പെലോസി അബദ്ധത്തില്‍ പറഞ്ഞുപോയത്.

യഥാര്‍ത്ഥത്തില്‍ തായ്‌വാനെ ഉദ്ദേശിച്ച് നാന്‍സി പെലോസി പറഞ്ഞ കാര്യമാണ് നാക്കുപിഴ കാരണം ചൈനയെകുറിച്ചായി പോയത്.

”ഞങ്ങള്‍ ഇപ്പോഴും വണ്‍ ചൈന പോളിസിയെ പിന്തുണക്കുന്നു. നിലവിലെ സ്ഥിതി ഞങ്ങളുടെ നയത്തിന്റെയും ഭാഗമാണെന്ന് അംഗീകരിക്കാനാണ് ഞങ്ങള്‍ അവിടെ പോകുന്നത്, അതില്‍ തടസമായി ഒന്നുമില്ല.

ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ സമൂഹങ്ങളിലൊന്നാണ് ചൈന. ഇത് എന്റെ പരാമര്‍ശമല്ല, ഫ്രീഡം ഹൗസില്‍ നിന്നുള്ളതാണ്. ഇത് ശക്തമായ ജനാധിപത്യമാണ്, ധീരരായ ആളുകള്‍ എന്ന് പറയാന്‍ മാത്രമായിരുന്നു അത്,” നാന്‍സി പെലോസി പറഞ്ഞു.

പിന്നാലെ തന്നെ വീഡിയോ വൈറലാകുകയായിരുന്നു.

എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തന്നെ പെലോസിയുടെ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.

”സ്പീക്കര്‍ തായ്‌വാനെ കുറിച്ചാണ് പരാമര്‍ശിച്ചത്. യു.എസ് കോണ്‍ഗ്രസില്‍ സ്പീക്കര്‍ കഴിഞ്ഞ 35 വര്‍ഷമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന്റെ റെക്കോര്‍ഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല,” ഡെപ്യൂട്ടി ചീഫ് ഡ്ര്യൂ ഹമ്മില്‍ ട്വിറ്ററില്‍ കുറിച്ചു.

ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ തീവ്രമായ എതിര്‍പ്പുകളെയും ഭീഷണികളെയും മറികടന്ന് തായ്‌വാന്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നാന്‍സി പെലോസിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീഴ്ത്തിയിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെ ചൈന പെലോസിക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlight: China is one of the freest societies in the world, video of Nancy Pelosi’s slip of tongue goes viral

We use cookies to give you the best possible experience. Learn more