പാകിസ്ഥാനിലെ ആറ് ആണവ പദ്ധതികളില്‍ പങ്കുണ്ടെന്ന് ചൈനയുടെ സ്ഥിരീകരണം
Daily News
പാകിസ്ഥാനിലെ ആറ് ആണവ പദ്ധതികളില്‍ പങ്കുണ്ടെന്ന് ചൈനയുടെ സ്ഥിരീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th February 2015, 1:35 pm

chaina ബെയ്ജിങ്: പാകിസ്ഥാനില്‍ ആറ് ആണവോര്‍ജ്ജ പദ്ധതികളില്‍ ചൈനയ്ക്ക് പങ്കാളിത്തമുണ്ടെന്ന് ചൈനീസ് ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം.  പാകിസ്ഥാനിലേക്ക് കൂടുതല്‍ റിയാക്ടറുകള്‍ കയറ്റിയയക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

ആണവ വിതരണ ഗ്രൂപ്പ് (എന്‍.എസ്.ജി) നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന ആശങ്ക ഉയരുന്നതിനിടയിലും ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ആണവ സഹകരണം തുടരുമെന്നതിന്റെ സൂചനയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

പാകിസ്ഥാനുമായി തുടരുന്ന ആണവ സഹകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ അതിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാനോ ചൈന ഇതുവരെ തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ നാഷണല്‍ ഡെപലപ്പ്‌മെന്റ് ആന്റ് റിഫോം കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനാണ് പാകിസ്ഥാനിലെ ആറ് അണവനിലയങ്ങളുടെ നിര്‍മാണത്തില്‍ ചൈനയ്ക്കു പങ്കുണ്ടെന്ന സ്ഥിരീകരണവുമായെത്തിയിരിക്കുന്നത്.

എന്‍.ഡി.ആര്‍.സിയുടെ വൈസ് പ്രസിഡന്റായ വാങ് ഷിയാടോയാണ് ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്. പാകിസ്ഥാനും മറ്റ് രാജ്യങ്ങളിലേക്ക് കൂടുതല്‍ കയറ്റുമതി നടത്താന്‍ എന്‍.ഡി.ആര്‍.സി ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

“ആകെ 3.4 മില്യണ്‍ കിലോ വാട്ട് ക്ഷമതയുള്ള പാകിസ്ഥാനിലെ ആറ് ആണവനിലയങ്ങളുടെ നിര്‍മാണത്തിന് ചൈന സഹായിച്ചിട്ടുണ്ട്.” ബെയ്ജിങ്ങില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആണവായുധങ്ങള്‍ കൈവശം വെയ്ക്കുന്നത് തടയാനുള്ള (എന്‍.പി.ടി) കരാറില്‍ ഒപ്പുവെയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ എന്‍.എസ്.ജി അംഗങ്ങളെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ പാകിസ്ഥാനുമായുള്ള ചൈനയുടെ പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാണ്.

എന്‍.എസ്.ജിയില്‍ ചേരുന്ന സമയത്ത് പാകിസ്ഥാനുമായി ചേര്‍ന്ന് രണ്ട് റിയാക്ടറുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളതെന്നാണ് ചൈന അറിയിച്ചിരുന്നത് എന്നാണ് ഇന്ത്യന്‍, അമേരിക്കന്‍ ഉദ്യോസ്ഥര്‍ പറയുന്നത്.