ന്യൂദല്‍ഹി: ചൈനീസ് ആധിപത്യത്തില്‍ ഉയിഗര്‍ സ്ത്രീകള്‍ നേരിടുന്ന ക്രൂരകൃത്യങ്ങള്‍ വെളിപ്പെടുത്തി അമേരിക്കന്‍ ഉയിഗര്‍ ആക്ടിവിസ്റ്റ്. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ അഭിഭാഷക കൂടിയാണിവര്‍.
ചൈനീസ് നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലെ ഉയിഗര്‍ സ്ത്രീകള്‍ വംശഹത്യ നേരിടുകയാണ്. അവര്‍ക്ക് നേരേ നിരന്തര ബലാത്സംഗങ്ങള്‍ നടക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.
കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഉയിഗര്‍ സ്ത്രീകളെ ഭരണകൂടം കുറ്റവാളികളായാണ് കാണുന്നത്. അവരുടെ മതവും ആചാരങ്ങളെയും അവര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഉയിഗര്‍ സ്ത്രീകളുടെ പ്രത്യുല്‍പ്പാദനശേഷി രാജ്യത്തിന് ഭീഷണിയെന്ന രീതിയിലാണ് ചൈനീസ് ഭരണകൂടം അവരെ നിരന്തരം വേട്ടയാടുന്നത്- ക്യാംപയിന്‍ ഫോര്‍ ഉയിഗര്‍ സംഘടനയിലെ അംഗം കൂടിയായ റൂഷന്‍ അബ്ബാസ് പറഞ്ഞു.
ഓരോ ഉയിഗര്‍ സ്ത്രീകളും നിരന്തരം ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി. ഇതിനെല്ലാം കാരണക്കാര്‍ ചൈനീസ് ഭരണകൂടമാണ്. ലോകം ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ മിണ്ടാതിരിക്കുന്നു. ഉയിഗര്‍ സ്്ത്രീകള്‍ക്ക് നേരേ നടക്കുന്ന ക്രൂരകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു സെലിബ്രിറ്റികളും ഇല്ല. ഫെമിനിസ്റ്റുകള്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്നു- അവര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉയിഗര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് റൂഷന്‍ അബ്ബാസ്. ഉയിഗര്‍ മുസ്‌ലിങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉയിഗര്‍ സ്ത്രീകളെ പ്രസവിക്കാന്‍ അനുവദിക്കാതെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നുണ്ടെന്ന് റൂഷന്‍ പറഞ്ഞു. നിരവധി സ്ത്രീകളെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ക്ക് തുല്യമായി സ്ഥലങ്ങളില്‍ തടവിലാക്കിയിരിക്കുകയാണ്. നിരവധി പേരേ ഫാക്ടറി ജോലികള്‍ക്കായി നിയമിക്കുന്നു. അടിമകള്‍ക്ക് തുല്യമായ ജീവിതമാണ് അവര്‍ അവിടെ നയിക്കുന്നത്. കുഞ്ഞുങ്ങളെയും അമ്മമാരെയും നിര്‍ബന്ധപൂര്‍വ്വം മാറ്റിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഉയിഗര്‍ വംശത്തില്‍ പിറന്ന കുട്ടികളെ പ്രത്യേകം അനാഥാലയങ്ങളിലേക്ക് അയയ്ക്കുന്നുവെന്നും റൂഷന്‍ പറയുന്നു.
അതേസമയം ഉയിഗര്‍ വംശത്തെ ഇല്ലാതാക്കാന്‍ ചൈനീസ് പൗരന്‍മാരെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തങ്ങളെ തീവ്രവാദികളായി മുദ്രകുത്തുമെന്ന് ഭയന്ന് പലരും വിവാഹത്തിന് നിര്‍ബന്ധിതരാകുകയാണ്. അത് മാത്രമല്ല ഉയിഗര്‍ മുസ് ലിങ്ങളുടെ മതചിഹ്നങ്ങളായ ഹിജാബ്, താടി എന്നിവ ധരിക്കുന്നതിലും വിലക്കുകളുണ്ട്. അവരെക്കൊണ്ട് നിര്‍ബന്ധിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ പാടാനും ഭരണകൂടം ആവശ്യപ്പെടുന്നുണ്ടെന്നും റൂഷന്‍ പറഞ്ഞു.