| Friday, 5th August 2022, 4:25 pm

തായ്‌വാന്‍ സന്ദര്‍ശനം; നാന്‍സി പെലോസിക്ക് ഉപരോധമേര്‍പ്പെടുത്തി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് ഉപരോധമേര്‍പ്പെടുത്തി ചൈന.

ചൈനീസ് വിദേശകാര്യ മന്ത്രാലയം യു.എസ് സ്പീക്കര്‍ക്കെതിരെ വിവധ തരത്തിലുള്ള ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടതായി ചൈനീസ് മാധ്യമമായ സി.ജി.ടി.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

‘തന്റെ തായ്‌വാന്‍ സന്ദര്‍ശനത്തിലൂടെ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഗൗരവമായി ഇടപെടുകയും ചൈനയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഗുരുതരമായി ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയാണ് നാന്‍സി പെലോസി,’ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

‘നാന്‍സി പെലോസിക്കും അവരുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ക്കും മേല്‍ ചൈന ഉപരോധമേര്‍പ്പെടുത്തും,’ എന്നും പ്രസ്താവനയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉപരോധത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

‘ചൈനീസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു,’ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു എന്നതിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി യു.എസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചൈന ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

യു.എസിന്റെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവര്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരാണ്. ചൈനയില്‍ പ്രവേശിക്കുന്നതിനും ചൈനീസ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നതിലുമായിരുന്നു ഇവര്‍ക്ക് നിരോധനം.

ചൈനീസ് ഭരണകൂടം തങ്ങളുടെ പ്രവിശ്യയായാണ് തായ്‌വാനെ കണക്കാക്കുന്നത്. ‘വണ്‍ ചൈന പോളിസി’ മുന്നോട്ടുവെക്കുന്ന ചൈന തായ്‌വാന്റെ സ്വതന്ത്ര ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കുന്നില്ല.

ചൈനയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായുണ്ടായ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് കൊണ്ടായിരുന്നു ഓഗസ്റ്റ് രണ്ട് ചൊവ്വാഴ്ച വൈകീട്ട് നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. യു.എസിന്റെ യുദ്ധ വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്.

പെലോസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈന തായ്‌വാനില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു.

സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാനെ ചുറ്റിപ്പറ്റിക്കൊണ്ട് കടലില്‍ ചൈന സൈനിക അഭ്യാസവും ആരംഭിച്ചിട്ടുണ്ട്. വരുന്ന നാല് ദിവസം കടലില്‍ ഫയര്‍ ഡ്രില്‍ അടക്കമുള്ള മിലിറ്ററി പ്രകടനം ചൈന തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും ചൈനക്കുണ്ട്.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവും. സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ പെലോസി സന്ദര്‍ശിക്കുന്നത്.

Content Highlight: China imposes sanctions on US speaker Nancy Pelosi

We use cookies to give you the best possible experience. Learn more