| Sunday, 27th November 2022, 1:17 pm

'ഇന്ത്യയെ ഒഴിവാക്കി'; ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 19 രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 19 രാജ്യങ്ങളുമായി ചൈന ഈയാഴ്ച കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയെ ഒഴിവാക്കിക്കൊണ്ടായിരുന്നു യോഗം ചേര്‍ന്നത്.

ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സംഘടനയായ ദ ചൈന ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് കോഓപറേഷന്‍ ഏജന്‍സി (The China International Development Cooperation Agency) നവംബര്‍ 21ന് ചൈന- ഇന്ത്യന്‍ മഹാസമുദ്ര മേഖലാ ഫോറത്തിന്റെ വികസന സഹകരണം (Development Cooperation) സംബന്ധിച്ച ഒരു യോഗം നടത്തിയെന്നും അതില്‍ 19 രാജ്യങ്ങള്‍ പങ്കെടുത്തതായും വ്യക്തമാക്കിക്കൊണ്ട് പത്രക്കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

യുനാന്‍ പ്രവിശ്യയിലെ കുന്‍മിങ്ങില്‍ Shared Development: Theory and Practice from the Perspective of the Blue Economy എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്തോനേഷ്യ, പാകിസ്ഥാന്‍, മ്യാന്മര്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, കെനിയ, മൊസാംബിക്, ടാന്‍സാനിയ, മഡഗാസ്‌കര്‍, മൗറീഷ്യസ്, ജിബൂട്ടി, സേഷെല്‍സ്, ഓസ്‌ട്രേലിയ എന്നീ 19 രാജ്യങ്ങളുടെ പ്രതിനിധികളും ഒപ്പം മൂന്ന് അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു.

എന്നാല്‍ വിവിധ സ്രോതസുകളില്‍ നിന്നുള്ള വിവരമനുസരിച്ച് ഇന്ത്യയെ ഈ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊവിഡ് 19 വാക്‌സിന്‍ സഹകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വിവിധ ഏഷ്യന്‍ രാജ്യങ്ങളുമായി ചൈന കൂടിക്കാഴ്ച നടത്തിയപ്പോഴും ഇന്ത്യയുടെ പങ്കാളിത്തം അതില്‍ ഉണ്ടായിരുന്നില്ല.

ലുവൊ സവൊഹ്വിയാണ് (Luo Zhaohui) ചൈന ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് കോഓപറേഷന്‍ ഏജന്‍സിയുടെ മേധാവി. ഇന്ത്യയുടെ ചൈനീസ് അംബാസിഡറും മുന്‍ ചൈനീസ് വിദേശകാര്യ സഹമന്ത്രിയും കൂടിയാണ് ഇദ്ദേഹം.

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗം കൂടിയാണ് ലുവൊ സവൊഹ്വി.

വിദേശ സഹായത്തിനായുള്ള തന്ത്രപരമായ മാര്‍ഗനിര്‍ദേശങ്ങളും പദ്ധതികളും നയങ്ങളും രൂപീകരിക്കുക, പ്രധാന വിദേശ സഹായ വിഷയങ്ങള്‍ ഏകോപിപ്പിക്കുകയും ഉപദേശം നല്‍കുകയും ചെയ്യുക, വിദേശസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യത്തിന്റെ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്നും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

അതേസമയം, 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളായത്.

Content Highlight: China held meeting with 19 countries in Indian Ocean region without India being a part of it

We use cookies to give you the best possible experience. Learn more