ബീജിംഗ്: ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധമോ തുറന്ന യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്.
‘വലിയ ആഗോള കുടുംബത്തിലെ അംഗങ്ങളായി കണ്ട് പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ക്കപ്പുറം എല്ലാവരും സഹകരിച്ച് മുന്നോട്ടുപോകണം. ഓരോ രാജ്യത്തിന്റേയും സ്വതന്ത്ര വികസന മാതൃകകളെ മറ്റ് രാജ്യങ്ങള്‍ മാനിക്കണം. ലോകത്തിന്റെ വൈവിധ്യങ്ങളെ മനുഷ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തണം – ഷി ജിന്‍പിങ് പറഞ്ഞു.
അതോടൊപ്പം കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുളള പരീക്ഷണം ചൈനയില്‍ നടന്നുവരികയാണെന്നും വാക്‌സിന്‍ ലോക നന്മയ്ക്കായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുമെന്നും ജിന്‍പിംഗ് പറഞ്ഞു. അതേസമയം കൊവിഡിന് എതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇക്കഴിഞ്ഞ ജൂലായ് നാലിന് ലഡാക്ക് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുകയറ്റത്തിന്റെ കാലം കഴിഞ്ഞെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിലയുറപ്പിച്ചതായും ഇന്ത്യയുടെ പട്രോളിംഗ് തടയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തേ പുറത്തുവന്നത്. ചൈന ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്നുകയറുന്നു എന്ന ആരോപണം അമേരിക്കയും ഉന്നയിച്ചിരുന്നു.
നേരത്തേ കൊറോണ വൈറസിനെ ചൈന വൈറസ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചത് വിവാദമായിരുന്നു. കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്താത്ത ചൈനയ്ക്കെതിരെ യു.എന്‍ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് ഗവണ്‍മെന്റും ലോകാരോഗ്യ സംഘടനയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്കുള്ള രോഗവ്യാപനത്തിന് തെളിവില്ലെന്ന് തെറ്റായി പറയുകയായിരുന്നുവെന്നും ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്ന് രോഗം പകരില്ലെന്നാണ് അവര്‍ നേരത്തെ പറഞ്ഞിരുന്നതെന്നും ഇതിനെല്ലാം ചൈന ഉത്തരവാദികളാണെന്നും ട്രംപ് പറഞ്ഞിരുന്നു. കൊറോണ വൈറസിനെ ലോകത്തേക്ക് തുറന്നുവിട്ടതിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന നടപടി എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
വുഹാനിലെ ചൈനീസ് ലാബില്‍ നിന്നാണ് കൊറോണ വൈറസ് വന്നത് എന്നാണ് ട്രംപ് നിരന്തരം ഉന്നയിക്കുന്ന ആരോപണം.
ഹോങ്കോങ്ങിലെ ഒരു വൈറോളജിസ്റ്റും തന്റെ പക്കല്‍ ഇതിന് തെളിവുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. നൊബേല്‍ ജേതാവായ ഫ്രഞ്ച് ശാസ്ത്രജ്ഞനും ഈ ആരോപണത്തെ പിന്താങ്ങി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ചൈന നിഷേധിക്കുകയാണുണ്ടായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക