സാമ്പത്തിക ഇടനാഴിയിലെ സുരക്ഷാപ്രശ്‌നങ്ങളില്‍ പാകിസ്ഥാനോട് ഇടഞ്ഞ് ചൈന
World News
സാമ്പത്തിക ഇടനാഴിയിലെ സുരക്ഷാപ്രശ്‌നങ്ങളില്‍ പാകിസ്ഥാനോട് ഇടഞ്ഞ് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2023, 7:39 pm

ബെയ്ജിങ്: പാകിസ്ഥാന്‍-ചൈന സാമ്പത്തിക ഇടനാഴി പദ്ധതികളില്‍ 48 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതിന് പിന്നാലെ, പദ്ധതികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സുരക്ഷാ വീഴ്ചകളില്‍ പാകിസ്ഥാനുമായി ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് തയ്യാറെടുത്ത് ചൈന. പദ്ധതിയുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ പുതിയ തീരുമാനം.

പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനിറിന്റെ ചൈനീസ് സന്ദര്‍ശനത്തിനിടെ വിഷയം ചര്‍ച്ചയായിരുന്നു. ഏപ്രില്‍ മാസം ആദ്യം ബെയ്ജിങ്ങിലെത്തിയ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ നദീം അന്‍ജുമിനോടും ഇക്കാര്യങ്ങള്‍ ചൈനീസ് നേതൃത്വം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനിലെ ആഭ്യന്തര സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ ഗുരുതരമായ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. രാജ്യത്ത് പട്ടാളം ഭരണമേറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വിന്‍ അബ്ബാസി നേരത്തെ രംഗത്തെത്തിയിരുന്നു.

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിക്കും ചൈനീസ് പൗരന്മാര്‍ക്കുമെതിരെ പാക്കിസ്ഥാനില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് പ്രധാനമായും ആക്രമണങ്ങള്‍ നടക്കുന്നത്. വലിയ നിക്ഷേപങ്ങള്‍ നടത്തിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നതിലും അതിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും ചൈനയ്ക്ക് വലിയ അതൃപ്തിയുണ്ട്.

ചൈനീസ് ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പാകിസ്ഥാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബലൂചിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും തെഹ്‌രീക്-ഇ-താലിബാന്‍ എന്ന ഭീകരസംഘടന വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയതും മേഖലയിലെ സാഹചര്യങ്ങളെ കൂടുതല്‍ അരക്ഷിതമാക്കുന്നുണ്ട്. സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് ചൈന ഏറ്റവുമധികം നിക്ഷേപം നടത്തിയിരിക്കുന്ന മേഖലയിലൊന്നാണ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍. ഇവിടെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും തലവേദനയാകുകയാണ്. തീവ്രവാദി ആക്രമണങ്ങള്‍ക്കപ്പുറം മേഖലയിലെ ചൈനീസ് സാന്നിധ്യത്തിനെതിരായ ജനങ്ങളുടെ എതിര്‍പ്പും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനില്‍ പട്ടാളം ഭരണമേറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി അബ്ബാസി രംഗത്തെത്തിയത്.

സാമ്പത്തിക മേഖലക്കപ്പുറത്ത് രാഷ്ട്രീയവും ജുഡീഷ്യലും ഭരണഘടനാപരവുമായി പ്രതിസന്ധിയിലേക്കാണ് രാജ്യമെത്തിക്കൊണ്ടിരിക്കുന്നതെന്നും തെഹ്‌രീക്-ഇ-ഇന്‍സാഫ് അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍, പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് വിഭാഗം അധ്യക്ഷന്‍ നവാസ് ഷെരീഫ്, പട്ടാള മേധാവി അസിം മുനീര്‍ എന്നിവര്‍ പരസ്പരം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും വ്യക്തി താത്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യത്തിന്റെ താത്പര്യത്തിന് നേതാക്കള്‍ പ്രാധാന്യം കൊടുക്കണമെന്നും അബ്ബാസി ആവശ്യപ്പെട്ടിരുന്നു.

Content Highlights: China has hit out at Pakistan on security issues in the economic corridor